പാലക്കാട്: സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ തൊഴിൽസമയ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി നിർദേശം നല്കി. ആരോഗ്യജാഗ്രത 2019 പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദേശം.
വേനൽക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയാൻ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചിത്വപൂർണമായ അന്തരീക്ഷം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. തുറസായ സ്ഥലങ്ങളിൽ ജോലിസമയ നിയന്ത്രണം കർശനമായി നടപ്പാക്കുന്നുണ്ടെന്ന തൊഴിലാളികളും തൊഴിലുടമകളും ഉറപ്പുവരുത്തണം.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ശുചിത്വമിഷനും നടപടികൾ സ്വീകരിക്കണം. സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ കാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടുന്നതും മേയാൻ വിടുന്നതും പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മഞ്ഞപ്പിത്തം, വയറിളക്കം പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കിണറുകളിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യണം. പ്രളയകാലത്ത് മുങ്ങിപ്പോയ കിണറുകളിൽ മാസത്തിലൊരിക്കലെങ്കിലും ക്ലോറിനേഷൻ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു.
ഹോട്ടലുകൾ, തട്ടുകടകൾ, സ്വകാര്യസ്ഥാപനങ്ങളിലെ കാന്റീൻ എന്നിവിടങ്ങളിൽ ശുദ്ധജലം ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നല്കി.