കൊല്ലം :എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുന്പ് മുതൽ ഏകദേശം 500 ൽ പരം ഫാക്ടറികൾ പൂട്ടികിടക്കുകയാണ്. പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം. അധികാരത്തിൽ വന്ന് 3 വർഷം തികയുന്പോഴും കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ പോലും മുടക്കമില്ലാതെ തുറന്നുപ്രവർത്തിപ്പിക്കുവാൻ പോലും കഴിഞ്ഞിട്ടിട്ടില്ലെന്ന് എ.എ അസീസ്.
കാഷ്യു ഫെഡറേഷൻ (യുടിയു.സി) യുടെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ട്രേറ്റ് പടിക്കൽ തൊഴിലാളികൾ നടത്തിയ ധർണാസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അസീസ്.പ്രമുഖ വ്യവസായികൾ സാന്പത്തികകുഴപ്പമോ ബാങ്കുകളുടെ നടപടി മൂലമോ അല്ല തുറക്കാതിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ ഫാക്ടറികൾ പ്രവർത്തിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തൊഴിലാളികൾക്ക് 2000 രൂപ ക്രമത്തിൽ റിലീഫ് നൽകുമെന്ന പ്രഖ്യാപനവും വഞ്ചനയാണെന്ന് അസീസ് പറഞ്ഞു. കൂട്ടത്തോടു കൂടി ഫാക്ടറികൾ പൂട്ടികിടക്കുന്ന മുൻ കാലങ്ങളിൽ തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ സ്വീകരിച്ചിരുന്ന നടപടികൾ എന്തായിരുന്നുവെന്ന് പഠിക്കാൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ തയ്യാറാകണമെന്നും അസീസ് ആവശ്യപ്പെട്ടു.
പി. പ്രകാശ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി. ഡി. ആനന്ദ്, അഡ്വ.റ്റി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, കൂരീപ്പുഴ മോഹനൻ, റ്റി.കെ. സുൽഫി, വെളിയം ഉദയകുമാർ, കിളികൊല്ലൂർ ശ്രീകണ്ഠൻ, സുന്ദരേശൻപിളള, രാധാകൃഷ്ണൻ, ആദിനാട് തുളസീധരൻ, പാവുന്പ ഷാജഹാൻ, സെയ്ഫുദ്ദീൻ കിച്ച്ലു, എ.എൻ. സുരേഷ് ബാബു, ഉണ്ണിത്താൻ, തുടങ്ങിയവർ പ്രസംഗിച്ചു.