നിലന്പൂർ: നിലന്പൂർ കക്കാടംപൊയിൽ ചെന്പോത്തി മലവാരത്തിന്റെ താഴ്വാരത്തിലുള്ള നായാടംപൊയിൽ മുതുവാൻ കോളനിയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയ വിവരത്തെത്തുടർന്നു തണ്ടർബോൾട്ട് തെരച്ചിൽ ഉൗർജിതമാക്കി. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഘം കോളനിയിലെത്തിയത്.
കക്കാടംപൊയിൽനായാടംപൊയിൽ മേഖലയിൽ ആദ്യമായാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കോളനിയിലെ കേലന്റെ വീട്ടിലാണ് മൂന്നംഗസംഘം എത്തിയത്. പിന്നീട് സമീപത്തെ ബിനുവിന്റെയും ബിനുവിന്റെ അമ്മാമൻ സുരേന്ദ്രന്േറയും വീട്ടിലെത്തി. മൂന്ന് പേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു.
എ.കെ.47 ഇനം തോക്കും നാടൻ തോക്കുമുണ്ടായിരുന്നതായി ഇവർ പറഞ്ഞു. കൂട്ടത്തിൽ ഒരാൾ മലയാളവും രണ്ടുപേർ തമിഴ് കലർന്ന മലയാളവുമാണ് സംസാരിച്ചിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വനത്തിലുള്ളതായും ഭക്ഷണം തീർന്നതായും മാവോയിസ്റ്റുകൾ പറഞ്ഞു.
തുടർന്നാണ് കോളനിക്കാർ മൂന്ന് പേർക്ക് ആവശ്യത്തിന് ഭക്ഷണം വെച്ചു നൽകിയത്. അരി, വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, പഞ്ചസാര, തക്കാളി, കിഴങ്ങ്, സബോള, സോപ്പ് തുടങ്ങി 25 കിലോയോളം വിവിധ സാധനങ്ങൾ കോളനിക്കാരിൽ നിന്ന് ശേഖരിച്ചുകൊണ്ടുപോയി. 18 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മാവോയിസ്റ്റുകൾ വന്നതിൽ ഇവർക്ക് ആശങ്കയില്ലെന്നും മാന്യമായാണ് തങ്ങളോട് അവർ സംസാരിച്ചതെന്നും കോളനിക്കാർ പറഞ്ഞു.
മാവോയിസ്റ്റ് മലയാളിയായ സോമൻ, കർണാടക സ്വദേശി വിക്രംഗൗഡ, കോയന്പത്തൂർ സ്വദേശി സന്തോഷ് തുടങ്ങിയവരാണ് നായാടംപൊയിലിലെത്തിയതെന്ന് പോലീസിന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു.