തളിപ്പറമ്പ്: മോട്ടോര്‍വാഹന വകുപ്പിന്റെ ബസ് പരിശോധനയെ തുടര്‍ന്ന് തളിപ്പറമ്പില്‍ ബസോട്ടം തടസപ്പെട്ടതായി പരാതി. തളിപ്പറമ്പ് ബസ്സ്റ്റാൻഡിൽ ഇന്നലെ നടന്ന പരിശോധനയ്ക്കെത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ ബസ്സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും ഇട്ടത് കടുത്ത പ്രതിഷേധത്തിനടയാക്കി. ബസുകളുടെ പിന്‍ഭാഗത്തെ ചവിട്ടുപടിയിലുള്ള ചെറിയ സ്റ്റെപ്പുകള്‍ നീക്കം ചെയ്യുന്നതും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരിശോധനകളാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ നടന്നത്.
മൂന്ന് വാഹനങ്ങളിലായി എത്തിയ പത്തിലേറെ വരുന്ന ഉദ്യോഗസ്ഥര്‍ ബസുകളില്‍ കയറിയിറങ്ങി പരിശോധന നടത്തുകയും ഡ്രൈവറേയും കണ്ടക്ടറേയും വാഹനത്തില്‍ ഇരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടറുടെയുടുത്തേക്ക് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുകയും ചെയ്തതോടെ തളിപ്പറമ്പില്‍ നിന്ന് പുറപ്പെടേണ്ട മിക്ക ബസുകളുടെയും ട്രിപ്പ് തന്നെ റദ്ദാക്കേണ്ടിവന്നതായി ആക്ഷേപമുണ്ട്.
പൊതുവെ സ്ഥലസൗകര്യമില്ലാത്ത നഗരസഭാ ബസ്സ്റ്റാൻഡിൽ ഒരു ടൂവീലര്‍ പോലും കയറ്റാന്‍ സാധാരണ പോലീസ് സമ്മതിക്കാറില്ലെന്നിരിക്കെ ഇന്നലെ മണിക്കൂറുകളോളം ബസ് കയറിവരുന്ന വഴിയില്‍ തന്നെ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാണ്. നിയമം പാലിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവര് തന്നെ അത് ലംഘിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.