എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ത്ഥി താണുപറഞ്ഞിട്ടും ടോയ്ലറ്റില്‍ പോകാന്‍ അനുവദിക്കാതെ അധ്യാപിക. തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തേണ്ടിവന്നു. കൊല്ലം കടയ്ക്കലിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷാഹാളില്‍ രസതന്ത്രം പരീക്ഷ നടക്കവെയാണ് സംഭവം.
കുട്ടിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസ്സമ്മതിച്ചു. പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയാന്‍ ഇടയായത്. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് അയച്ചു.
വീട്ടില്‍ ചെന്ന വിദ്യാര്‍ത്ഥി വീട്ടുകാരോട് വിവരം പറഞ്ഞില്ല. ബുധനാഴ്ചയോടെ സംഭവം അറിയാന്‍ ഇടയായ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. അധ്യാപിക കടുംപിടുത്തം പിടിച്ചത് മൂലം പരീക്ഷാഹാളില്‍ വെച്ച് അപമാനം അനുഭവിക്കേണ്ടി വന്ന മകന് നല്ലരീതിയില്‍ പരീക്ഷയെഴുതാനായിട്ടിലെന്നും മകന്റെ മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്കെതിരേ കടുത്ത നടപടി എടുക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപെട്ടിട്ടുണ്ട്.