യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം കഴിയുന്നത് വാടകവീട്ടില്‍. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ഇവിടെയെത്തിയത്. പിതാവ് അവിടെനിന്ന് ദിവസവും സ്വന്തം നാട്ടില്‍ കൂലിപ്പണിക്കുപോയാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെയാണ് മകളുടെ മരണം കൂടി കുടുംബത്തിന് ആഘാതമായിരിക്കുന്നത്.
എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്ക് 50 ശതമാനിത്തിലേറേ പൊള്ളലേറ്റിരുന്നു. ബോധമില്ലാതെയാണ് പെണ്‍കുട്ടി ഇത്രനാളും ചികില്‍സയില്‍ തുടര്‍ന്നത്. ഒരു ദിവസം മുപ്പത്തിനായിരം രൂപയ്ക്ക് മുകളിലാണ് ആശുപത്രിയില്‍ ചെലവായിരുന്നു. സാമ്പത്തികമായി ശേഷി കുറവുള്ള കുടുംബം ചികില്‍സ ചെലവിനായി നട്ടം തിരിയുകയായിരുന്നു.
പെണ്‍കുട്ടി നഗരത്തിലെ സ്റ്റോപ്പില്‍ ബസ് ഇറങ്ങി പഠിക്കുന്ന സ്ഥാപനത്തിലേക്ക് നടക്കുന്നതിനിടെയാണ് കത്തി, 3 കുപ്പി പെട്രോള്‍, കയര്‍ എന്നിവയുമായെത്തി യുവാവ് തടഞ്ഞുനിര്‍ത്തിയതും പെട്രോള്‍ ഒഴിച്ചു കത്തിച്ചതും. അതിനു മുന്‍പ് കത്തികൊണ്ട് വയറില്‍ കുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ദേഹത്ത് തീ ആളിപ്പടരുന്നതുകണ്ട് അടുത്തുള്ളവര്‍ ഓടിയെത്തി കെടുത്താന്‍ ശ്രമിച്ചപ്പോഴും ഭാവഭേദമൊന്നുമില്ലാതെ നിന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിക്ക് താല്പര്യമില്ലായിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് പക വീട്ടാന്‍ തയാറെടുത്തത്.