ബിരാത്നഗര്‍ (നേപ്പാള്‍): തുടര്‍ച്ചയായ അഞ്ചാം സാഫ് വനിതാ ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍.
ശ്രീലങ്കയെ ഇതേ സ്കോറിനു തോല്‍പ്പിച്ചാണ് നേപ്പാള്‍ ഫൈനലിലെത്തിയത്. 2010ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. വെള്ളിയാഴ്ചയാണ് ഫൈനല്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആതിഥേയ സ്ഥാനത്തുനിന്ന് ലങ്ക പിന്മാറിയതോടെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷമായത്.
ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിച്ച് സെമിയിലെത്തിയ ഇന്ത്യയെ ഇന്ദുമതി കതിരേശന്റെ ഇരട്ട ഗോളാണ് മികച്ച ജയമൊരുക്കിയത്. ആദ്യ പകുതിയില്‍തന്നെ മൂന്നു ഗോളുമായി ഇന്ത്യ ജയം ഉറപ്പിച്ചു. ഇതിലെ രണ്ടു ഗോളും ഇന്ദുമതിയുടേതായിരുന്നു. ഇതോടെ നാലു ഗോളുമായി ഇന്ദുമതി ടോപ് സ്കോററായി. തുടക്കം മുതലേ ഇരുടീമും ആക്രമിച്ചു കളിച്ചു. ബംഗ്ലാദേശ് കൂടുതല്‍ ശാരീരികമായി ആക്രമിച്ച് ഇന്ത്യന്‍ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി.
എന്നാല്‍ സെന്റര്‍ ബാക്കില്‍ ആശാലതയും സ്വീറ്റി ദേവിയും ശക്തമായി നിലയുറപ്പിച്ചതോടെ ബംഗ്ലാദേശ് മുന്നേറ്റക്കാര്‍ക്ക് ഗോള്‍ നേടാനായില്ല. എന്നാല്‍ ബംഗ്ലാദേശിന്റെ എല്ലാ ആക്രമണവും തകര്‍ത്ത് ഇന്ത്യ ആദ്യ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ ദാലിമി ചിബര്‍ ഇന്ത്യയുടെ ഗോളടിക്കു തുടക്കമിട്ടത്.
സഞ്ജുവിന്റെ കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോളിനുള്ള വഴിതെളിഞ്ഞത്. 23-ാം മിനിറ്റില്‍ ഇന്ദുമതി ലീഡ് ഉയര്‍ത്തി. മികച്ചൊരു ത്രൂബോളിലൂടെ സഞ്ജു നല്കിയ പാസ് ബോക്സിനുള്ളില്‍നിന്ന താരം വലയിലാക്കി. 37-ാം മിനിറ്റിലെ ഇന്ത്യയുടെ മൂന്നാം ഗോള്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍നിന്നായിരുന്നു. ആ ഗോളും ഇന്ദുമതിയുടേതായിരുന്നു.
ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഫൈനലിന് ഒരു ചുവട് അടുത്ത ഇന്ത്യ രണ്ടാം പകുതിയില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തി. ഇന്ദുമതി-സഞ്ജു കൂട്ടുകെട്ട് ബംഗ്ലാദേശ് പ്രതിരോധത്തെ നിരന്തരം സമ്മര്‍ദത്തിലാക്കിക്കൊണ്ടിരുന്നു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മനീഷ പാന ഇന്ത്യയുടെ നാലാം ഗോള്‍ നേടി.
ഇന്ത്യയോട് തുടര്‍ച്ചയായ മൂന്നു ഫൈനലുകളില്‍ (2010, 2012, 2014) പരാജയപ്പെട്ടവരാണ് നേപ്പാള്‍. സ്വന്തം നാട്ടില്‍ ഇത്തവണ സാഫ് കപ്പില്‍ കന്നിക്കിരീടമാണ് നേപ്പാള്‍ തേടുന്നത്. ശ്രീലങ്കയ്ക്കെതിരേ പൂനം മഗാര്‍, അനിത ബസനേത്, സബിത്ര ഭണ്ഡാരി, രേഖ പൗഡല്‍ എന്നിവരാണ് ഗോള്‍ നേടിയത്.