തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് ഓരോ തവണയും വ്യത്യസ്തവും ആകര്‍ഷകവുമായ ആശയങ്ങളാണ് പ്രചരണത്തിനായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും പരീക്ഷിക്കുക. സോഷ്യല്‍മീഡിയ വലിയ രീതിയില്‍ സ്വാധീനം നേടിയിരിക്കുന്ന കാലഘട്ടമായതിനാല്‍ ആ വഴിയ്ക്കാണ് ഇപ്പോള്‍ കൂടുതലും പ്രചാരണങ്ങളും നടക്കുന്നത്.
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ, വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണിപ്പോള്‍ വൈറലായിയിരിക്കുന്നത്. ഒരുകാലത്ത് സിനിമാ പാട്ടുകളായിരുന്നു പാരഡിയായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് സിനിമാ പോസ്റ്ററുകളാണ് സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്.
അത്തരത്തില്‍ അടൂര്‍ പ്രകാശിനുവേണ്ടി തയാറാക്കിയിരിക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അടൂര്‍ പ്രകാശ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഒരുപോലെ ആയതും പോസ്റ്റര്‍ ഹിറ്റാവാന്‍ കാരണമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നില്‍ എന്നാണ് അടൂര്‍ പ്രകാശ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.