അന്പലപ്പുഴ: അന്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ തകഴി റെയിൽവെ ലെവൽ ക്രോസ് മറികടക്കാൻ വാഹനയാത്രികർക്ക് പെടാപ്പാട്. ഇരു ഭാഗത്തേയും അപ്രോച്ച് റോഡുകൾ തകർന്നിട്ടു മാസങ്ങൾ ഏറെയായിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. കുണ്ടും, കുഴിയുമായി കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ് അപ്രോച്ച് റോഡ്. സംസ്ഥാന പാത നവീകരിച്ചിട്ടും തീവണ്ടി പാത നവീകരിക്കാൻ റെയിൽവെ അധികൃതർ കൂട്ടാക്കിയില്ല.
പൊട്ടിപ്പൊളിഞ്ഞ ലെവൽ ക്രോസിന്റെ അപ്രോച്ച് റോഡിലൂടെയുള്ള യാത്ര ഏറെ കഠിനമെന്നാണ് യാത്രക്കാർ പറയുന്നത്. റോഡിലെ കുഴികളിൽപ്പെട്ട് ഇരുചക്രവാഹനങ്ങളും, മുച്ചക്ര വാഹനങ്ങളും മറിയുകയും, അപകടത്തിൽ പെടുകയും ചെയ്യുന്നത് പതിവു കാഴ്ചയായി. വലിയ വാഹനങ്ങൾ ഏറെ സമയമെടുത്താണ് റെയിൽപാത മറികടക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കഴിഞ്ഞ പ്രളയത്തിലാണ് ഇവിടുത്തെ അപ്രോച്ച്റോഡുകൾ പൂർണമായും തകർന്നത്.
മാസങ്ങൾ കഴിഞ്ഞിട്ടും റോഡ്സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.സംസ്ഥാന പാതയിലെ ഏക റെയിൽവെ ലെവൽ ക്രോസാണ് തകഴിയിലേത്. തകഴി സ്മാരകത്തിനോടു ചേർന്നുള്ള ഇവിടെ മേൽപ്പാലം വേണമെന്നുള്ളത് ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ്. വീതി കൂട്ടി നവീകരിച്ച സംസ്ഥാന പാതയിലൂടെ ചെറുതും, വലുതുമായ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.
തീവണ്ടി പാതയിലുള്ള തടസം കാരണം സമയനഷ്ടവും, ദുരിതവും സഹിച്ചു വേണം യാത്ര ചെയ്യാൻ. നിരവധി സ്കൂൾ ബസുകളും ഗതാഗത കുരുക്കിൽ പെട്ട് സമയത്തിനു വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനാകാതെ കഷ്ടപ്പെടുന്നു. ഇരു അപ്രോച്ച് റോഡുകളും എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റെയിൽവെയുടെ അവഗണനയ്ക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.