വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ബിസിനസുകാരന് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായ വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്.
മോദി ലണ്ടനില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതും അവിടെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ നില്ക്കുമ്പോഴാണെന്നതാണ് കൗതുകകരമായ കാര്യം. ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ എത്തിയ മോദിയെ കണ്ട് ബാങ്കില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. വാറന്റില്‍ പറഞ്ഞിരുന്നതിലും അഞ്ചു ദിവസം മുമ്പാണ് അറസ്റ്റിലായത്.
ജില്ലാ മജിസ്ട്രേറ്റ് മാരി മാല്ലന്‍ 29 വരെ മോദിയെ കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന മോദിയെ അറസ്റ്റ് ചെയ്യാതിരുന്നത് കേന്ദ്ര സര്‍ക്കാരിന് കടുത്ത തലവേദനയായിരുന്നു. ലണ്ടനില്‍ നീരവ് മോദി അറസ്റ്റിലായത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമായി മാറും.
ലണ്ടനിലെ വെസ്റ്റ് എന്‍ഡിലുള്ള ആഡംബര ഫ്ളാറ്റിലാണ് നീരവ് മോദിയുടെ വാസമെന്നാണ് പോലീസ് കരുതുന്നത്. വിലകൂടിയ ജാക്കറ്റും ധരിച്ച് ലണ്ടന്‍ നഗരത്തിലൂടെ നീങ്ങുന്ന മോദിയെ ടെലിഗ്രാഫ് പത്രത്തിന്റെ ലേഖകന്‍ കണ്ടതോടെയാണ് നീരവ് മോദിയുടെ സുഖവാസത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് മോദിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില്‍ ലണ്ടന്‍ കോടതി നീരവ് മോദിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.