അപകടത്തില്‍ പരിക്കേറ്റ കാലുമായി പിഎസ്‌സി ഇന്റര്‍വ്യൂനെത്തിയ ഉദ്യാഗാര്‍ത്ഥിക്ക് മൂന്നാം നിലയിലേയ്ക്ക് കയറാന്‍ സാധിച്ചില്ല! ഒടുവില്‍ ഓട്ടോറിക്ഷയുടെ മുന്നില്‍ വന്ന് ഇന്റര്‍വ്യൂ നടത്തി ഇന്റര്‍വ്യൂ ബോര്‍ഡ്; മനുഷ്യത്വത്തിന് കയ്യടി

എസ്എസ്എല്‍സി പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ടോയ്‌ലറ്റില്‍ പോകാന്‍ കാലുപിടിച്ച് അപേക്ഷിച്ച വിദ്യാര്‍ത്ഥിയെ അധ്യാപിക അതിന് അനുവദിക്കാതിരിക്കുകയും തത്ഫലമായി വിദ്യാര്‍ത്ഥിക്ക് പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തേണ്ടി വരികയും ചെയ്ത, കൊല്ലത്ത് നടന്ന സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. അധ്യാപികയുടെ ക്രൂരതയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അധ്യാപികയുടെ പെരുമാറ്റത്തിന് നേര്‍ വിപരീതമായ രീതിയില്‍ പെരുമാറിയ ഏതാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയാണ് തിരുവനന്തപുരത്തു നിന്ന് പുറത്തു വരുന്നത്. പ്ലാസ്റ്ററിട്ട കാലുമായി വന്ന ഉദ്യോഗാര്‍ഥിക്കു മുന്നില്‍ ബോര്‍ഡ് എത്തി ഇന്റര്‍വ്യു നടത്തിയതാണ് സംഭവം. പിഎസ്സി ഓഫിസില്‍ ബുധനാഴ്ചയാണ് സംഭവം. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യുവിനു ഓട്ടോറിക്ഷയില്‍ പരസഹായത്തോടെ എത്തിയതായിരുന്നു ഉദ്യോഗാര്‍ഥി ചെറുവത്തൂര്‍ സ്വദേശി മണികണ്ഠന്‍.

പുലിക്കുന്നിലെ ടൈഗര്‍ ഹില്‍സ് ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലാണു പിഎസ്സി ഓഫിസ്. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തില്‍ മൂന്നാം നിലയിലേക്കു കയറുക അസാധ്യം. അപകടത്തില്‍ ഗുരുതര പരുക്കേറ്റ വലതുകാല്‍ ഊന്നാനും മടക്കാനും കഴിയില്ല. ഉദ്യോഗാര്‍ഥിയെ മൂന്നാം നിലയിലേക്കു കയറ്റാന്‍ മാര്‍ഗമില്ലെന്നു കൂടെ വന്നവര്‍ പിഎസ്സി അധികൃതരെ അറിയിക്കുകയായിരുന്നു.

ജില്ലാ പിഎസ്സി ഓഫിസര്‍ വി.വി.പ്രമോദ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൂന്നാം നിലയില്‍നിന്നു താഴെയിറങ്ങി ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യു ചെയ്യാന്‍ പിഎസ്സി ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാന്‍ പി.ശിവദാസന്‍ തയാറായി. പിഎസ്സി അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍, ഡിഎംഒ എ.പി.ദിനേശ്കുമാര്‍, കോഴിക്കോട് കോര്‍പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 4 പേരായിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍.

ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം മാറ്റി രഹസ്യസ്വഭാവം നിലനിര്‍ത്തിയാണ് ഇന്റര്‍വ്യു നടത്തിയത്. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖമാണ് നടന്നത്.

Related posts