കോഴിക്കോട്: വേനല്‍ചൂടില്‍ വെന്തുരുകി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസമേകി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ “ആപ്പ്’. നിപ്പാവൈറസ് ബാധ സമയത്തും പ്രളയസമത്തും സര്‍ക്കാര്‍ സന്ദേശങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളിലെത്തിച്ച ക്യുകോപ്പി ആപ്പാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് സഹായമായി എത്തിയത്.
സ്ഥാനാര്‍ഥികള്‍ക്ക് പുറമേ സര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആപ്പുവഴി പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മറ്റും തത്സമയം കൈമാറാം . മൊബൈല്‍ നമ്പര്‍ നല്‍കാതെ തന്നെ ഈ സേവനം ലഭ്യമാക്കും വിധത്തിലാണ് ക്യുകോപ്പി ആപ്പ് തയാറാക്കിയത്.
മൊബൈല്‍ നമ്പര്‍ കൈമാറാത്തതിനാല്‍ രഹസ്യവിവരങ്ങള്‍ ചോരാനും അവ ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയും ഇല്ല. സ്ഥാനാര്‍ഥിയുടേയും പാര്‍ട്ടിയുടെയോ മൊബൈല്‍ നമ്പര്‍ ഓരോരുത്തരും ഫോണ്‍ കോണ്ടാക്ടില് സേവ് ചെയ്താല്‍ ക്യുകോപ്പി വഴിയുള്ള സേവനം ലഭ്യമാകും. പ്ലേസ്റ്റോറിലും ഐഫോണ്‍ ആപ്പ് സ്റ്റോറിലും ക്യുകോപ്പി ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
പിന്നീട് നേരത്തെ സേവ് ചെയ്ത സ്ഥാനാര്‍ഥിയുടേയോ മറ്റുള്ള സര്‍ക്കാര്‍ വകുപ്പുകളുടേയോ നമ്പറില്‍ നിന്നും തുടര്‍ച്ചയായി സന്ദേശങ്ങള്‍ ലഭിക്കും. നേരത്തെ നിപ്പാവൈറസ് ബാധയുടെ കാലഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ മറികാടക്കാന് ആരോഗ്യവകുപ്പ് ആധികാരിക സന്ദേശങ്ങള്‍ കൈമാറിയത് ഈ ആപ്പ് വഴിയായിരുന്നു. പ്രളയസമയത്ത് ട്രാഫിക് പോലീസും ഈ ആപ്പ് ആയിരുന്നു പ്രയോജനപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് ആയതിനാലാണ് സ്ഥാനാര്‍ഥികള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാനുള്ള അവസരം ഒരുക്കിയത്. ഔദ്യോഗിക സന്ദേശങ്ങളും പ്രചാരണങ്ങളും മണ്ഡലത്തില്‍ നടപ്പാക്കാനുദ്യേശിക്കുന്നതും നടപ്പാക്കിയതുമായ എല്ലാ വിവരങ്ങളും ഈ ആപ്പുവഴി പൊതുജനങ്ങളിലെത്തിക്കാം. ഇപ്പോള്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് ഇത്തരത്തില്‍ സന്ദേശം കൈമാറുന്നത്.
ഇത്തരത്തില്‍ ഗ്രൂപ്പുകള്‍ വഴി സന്ദേശങ്ങള്‍ നല്കുമ്പോള് ആ ഗ്രൂപ്പിലുള്ളവരുടെ മൊബൈല്‍ നമ്പറുകള്‍ മറ്റുള്ളവര്‍ക്കും ലഭിക്കും. എന്നാല്‍ ഈ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ ആവശ്യമില്ല. ഊരാളുങ്കല്‍ സൈബര്‍പാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലുള്ള സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റാര്‍ട്ട് ആപ്പാണിത്. വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ പെരൂളി, കെ.സി.രാഹുല്‍, അജയ് ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.