കരുനാഗപ്പള്ളി: ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി മുഹമ്മദ് റോഷനേയും പെൺകുട്ടിയേയും ഇതുവരേയും കണ്ടെത്താനായില്ല. കേസിൽ പ്രതി ചേർക്കപ്പെട്ട ഓച്ചിറ പായിക്കുഴി സ്വദേശി പ്യാരി (19) പോലീസ് കസ്റ്റഡിയിലായി.
ഇയാൾ നിരവധി കേസിൽ പ്രതിയും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. എന്നാൽ മുഖ്യ പ്രതിയുടെ സഹായിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാർ മേഖലയും കേന്ദ്രമാക്കി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ പി ടി യി ലായ നാലംഗ സംഘം കഞ്ചാവ് ലഹരി ക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളിൽ അക്രമണം നടത്തി വരുന്നവരുമാണ് പോലീസ് പറയുന്നു.പ്രണയം നിരസിക്കുന്ന വിദ്യാർത്ഥികളെ അസഭ്യം പറയുകയും വീട്ടിൽ എത്തി ആക്രമിക്കുന്ന സംഭവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെൺകുട്ടിയെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു പ്യാരി.
ഓച്ചിറ എസ് ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാംഗ്ളൂരിലേക്കും പോയിട്ടുണ്ട്. ഇന്ന് സുരേഷ് ഗോപി എം .പി, ഡി ജി പി എന്നിവർ സ്ഥലം സന്ദർശിക്കും.ഓച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന രാജസ്ഥാൻ സ്വദേശിയുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായിബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഘം വീട്ടിൽകയറി രക്ഷിതാക്കളെ മർദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടിയേറ്റ് കിടന്ന രക്ഷിതാക്കളെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഓച്ചിറ പോലീസ് രാത്രിയിൽ നടത്തിയ തെരച്ചിലിൽ കായംകുളം ഭാഗത്തുനിന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അനന്തുവും വിപിനും പിടിയിലായത്.