പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇനി സിനിമയില്‍. നവാഗതനായ ബിലാല്‍ മെട്രിക്സ് സംവിധാനം ചെയ്യുന്ന എന്‍മഗജ ഇതാണ് ലൗ സ്റ്റോറി എന്ന ചിത്രത്തിലാണ് രാജേശ്വരി വേഷമിടുന്നത്.
എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് രാജേശ്വരി പറയുന്നു. കഥാപാത്രത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
തനിക്ക് ഒരുപാട് അസുഖങ്ങള്‍ ഉണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും രാജേശ്വരി പറയുന്നു.
‘ഞാന്‍ വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ജനങ്ങള്‍ പിരിച്ചു തന്ന പൈസ ബാങ്കില്‍ ഇട്ടിരിക്കുകയാണ് പലിശ പോലും കിട്ടാറില്ല. 25 ലക്ഷം രൂപ ചോര്‍ന്നു പോയെന്ന് പറയുന്നു. ഇതിനകത്ത് ഒരുപാട് അട്ടിമറികളും കള്ളത്തരങ്ങളും നടക്കുന്നുണ്ട്.’
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും രാജേശ്വരി പറയുന്നു.
‘ഒരുപാട് ജനങ്ങള്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. വെള്ളപൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഉണ്ട്. എനിക്ക് വേണ്ടിയല്ല. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- രാജേശ്വരി കൂട്ടിച്ചേര്‍ത്തു.
ജിഷ വധക്കേസില്‍ ഇപ്പോഴും കേസിലുള്‍പ്പെട്ട നിരവധി പ്രതികള്‍ പുറത്ത് ഉണ്ട്. അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയില്‍ വേഷമിടുന്നത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നുമാണ് ജിഷയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്.
നിയാസ് പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തിയറ്ററില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.