ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എതിരാളിയായി ബിജെപി ഇത്തവണയും രംഗത്തിറക്കിയത് സ്മൃതി ഇറാനിയെ. തുടർച്ചയായ രണ്ടാംതവണയാണ് ഉത്തർപ്രദേശിലെ അമേത്തിയിൽ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കുന്നത്. നിലവില്‍ കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. എങ്കിലും പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തിലെ ലീഡ് കുറയ്ക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരുന്നു. അതിന് മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
അമേത്തി ഇക്കുറി കടുത്ത പോരാട്ടമാകും അരങ്ങേറുക. സ്ഥാനാർഥിത്വം അംഗീകരിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. അമേത്തിയിൽ താമര വിരിയുമെന്നും ചരിത്രം സൃഷ്ടിക്കുമെന്നും സ്മൃതി ട്വീറ്റ് ചെയ്തു. അമേത്തിയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവർക്ക് പ്രത്യേകം നന്ദിയും സ്മൃതി ഇറാനി പറഞ്ഞു.