കോട്ടയം: സൗദിയിൽനിന്ന് ആളുമാറി കോന്നിയിലെത്തിച്ച ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാനെത്തിയപ്പോൾ നടപടിക്രമം കുരുക്കായി. ഇതുമൂലം കനത്ത ചൂടിൽ ഒന്നര മണിക്കൂറോളം മൃതദേഹം ആംബുലൻസിൽ കിടക്കേണ്ടി വന്നു. ഒന്നര മണിക്കൂറിനുശേഷം, ശീതീകരണ സംവിധാനമില്ലാത്ത ആംബുലൻസിൽനിന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്പോഴേക്കും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. മോർച്ചറിയിൽ സൂക്ഷിക്കുന്നതിനു പണം സെക്യൂരിറ്റിയായി നൽകണമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ ആവശ്യം കൊണ്ടുവന്നവർ നിഷേധിച്ചു.
സൗദിയിൽ മരിച്ച കോന്നി ഉതിമൂട് താന്നിമൂട്ടിൽ റഫീഖിന്റെ മൃതദേഹത്തിനു പകരമാണ് മറ്റൊരു ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് എത്തിച്ചുനൽകിയത്. സംസ്കാരത്തിനെടുത്തപ്പോഴാണു മൃതദേഹം മാറിയത് ബന്ധുക്കൾ അറിയുന്നത്. ഒടുവിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതും റഫീഖിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ ചേർന്നാണ്. സൗദിയിൽ എംബാം ചെയ്തു പെട്ടിയിലാക്കി വന്ന ശ്രീലങ്കൻ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു പെട്ടി തുറന്നതിനു ശേഷം മോർച്ചറിയിൽ വയ്ക്കാൻ സാധിച്ചത് ഏഴര മണിക്കൂറിനു ശേഷമാണ്. പത്തനംതിട്ട കളക്ടറും തഹസിൽദാറും ഇടപെട്ടാണു മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
റഫീഖിന്റെ പിതാവ് അബ്ദുൾ റസാഖ്, ഭാര്യാ പിതാവ് ഉദുമാൻ, അർധ സഹോദരൻ ജമാലുദീൻ, കോന്നി സ്റ്റേഷനിലെ പോലീസുകാരൻ എന്നിവർ മൃതദേഹവുമായി 12.55നു മോർച്ചറിക്കു മുന്നിലെത്തിയെങ്കിലും നടപടിക്രമങ്ങൾക്കു തടസം നേരിട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതദേഹങ്ങളെ മോർച്ചറിയിൽ സൂക്ഷിക്കൂവെന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തതോടെ ബന്ധുക്കൾ നിസഹായരായി.
റഫീഖിന്റെ മൃതദേഹം എവിടെയെന്നുപോലും അറിയാത്തതിന്റെ ദുഃഖം പേറുന്പോഴും ആരുടെയോ മൃതദേഹം എന്തു ചെയ്യണമെന്നറിയാത്തതിന്റെ അനിശ്ചിതത്വം. അധികൃതരുടെ കനിവിനായി മെഡിക്കൽ കോളജിലെ ഓഫീസുകൾ കയറിയിറങ്ങുന്പോഴും റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അധികൃതർ കനിയണമെന്ന പ്രാർഥനയായിരുന്നു ഈ പിതാവിന്. ഈ സമയമത്രയും മോർച്ചറി മുറ്റത്തെ ആംബുലൻസിലെ വലിയ ശവപ്പെട്ടിയിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കോട്ടയം, പത്തനംതിട്ട കളക്ടർമാർ ഇടപെട്ടതോടെ മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി.
ഇന്നലെ മുതൽ മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാമെന്ന അനുമതി പത്രവും വാങ്ങി മോർച്ചറി മുറ്റത്തെത്തുന്പോഴേക്കും സമയം 2.30. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയെങ്കിലും വിദേശത്തുനിന്നു കൊണ്ടുവന്ന പേടകം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. തർക്കത്തിനൊടുവിൽ പേടകം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. കൂലിപ്പണിക്കാരനായ അബ്ദുൾ റസാഖിന് ഇതിനോടകം 40,000 രൂപയിലേറെ ചെലവുണ്ട്. ശ്രീലങ്കയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരത്തിനും മറ്റുമായി ഇനിയും പണം കണ്ടെത്തണം.
റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
തിരുവനന്തപുരം: സൗദി അറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. നോർക്ക വകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്തു നൽകുകയും സൗദി എയർലൈൻസ് അധികൃതരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.