തലശേരി: സ്കൂൾ വിദ്യാർഥികളുടെ ഹോളി ആഘോഷം അതിരുവിട്ടപ്പോൾ സഹികെട്ട നാട്ടുകാർ പോലീസിന്റെ സഹായം തേടി. ഇന്നലെ ഉച്ചക്ക് സെയ്ദാർ പള്ളി ജംഗ്ഷനിലാണ് പ്ലസ് ടു കുട്ടികളുടെ ഹോളി ആഘോഷം അതിരു കടക്കുകയും പൊതു ജനങ്ങളിൽ അസ്വസ്ഥത സൃഷടിക്കുകയും ചെയ്തത്.ആദ്യം പരസ്പരം ചായമെറിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും ഹോളി ആഘോഷം പൊടിപൊടിച്ചു.
ആഘോഷത്തിന് കൂടുതൽ പൊലിമക്കായി കുട്ടികൾ പടക്കം പൊട്ടിക്കാൻ തുടങ്ങിയതോടെയാണ് അന്തരീക്ഷം മാറിയത്. അപകടം വരുത്തുന്ന തരത്തിലുള്ള പടക്കം പൊട്ടിക്കലാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചുട്ടു പൊള്ളുന്ന ചൂടിൽ പടക്കം പൊട്ടിക്കലും ചായം തേക്കലും ആർപ്പു വിളികളും ഒരു ഘട്ടത്തിൽ ഗതാഗത തടസം വരെ സൃഷ്ടിച്ചു. ഇടവഴികളിലേക്ക് കൂടി ആഘോഷം വ്യാപിച്ചതോടെ സമീപ പ്രദേശത്തെ വീട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
ആഘോഷം അതിരു വിട്ടപ്പോൾ അധ്യാപകരും നാട്ടുകാരും ഇടപെട്ടെങ്കിലും കുട്ടികൾ അടങ്ങിയില്ല. ഒടുവിൽ പോലീസിന്റെ സഹായം തേടേണ്ടി വന്നു.എസ് ഐ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.ഇതോടെ കുട്ടികൾ ചിതറിയോടി. പരിസരത്തെ വീടുകളിൽ കയറി ഒളിച്ച കുട്ടികളെ നാട്ടുകാരും പോലീസും ചേർന്ന് കൂട്ടി കൊണ്ടു വന്നു.
ദേഹമാസകലം ചായത്തിൽ കുളിച്ച് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു വിദ്യാർഥികൾ ഉണ്ടായിരുന്നത്. അതിരുവിട്ട ആഘോഷത്തിന് നേതൃത്വം നൽകിയ കുട്ടികളുടെ രക്ഷിതാക്കളുടെ ഫോൺ നമ്പർ ശേഖരിച്ച പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ജനമൈത്രി പോലീസ് രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.എഎസ് ഐ നജീബിന്റെ നേതൃത്വത്തിലാണ് രക്ഷിതാക്കളെ ബോധവത്കരിച്ചത്.
ഹ്യുമാനിറ്റീസ് കുട്ടികളുടെ ആഘോഷമാണത്രെ ഇന്നലെ നടന്നത്. വരും ദിവസങ്ങളിൽ മറ്റ് ബാച്ചിലെ കുട്ടികൾ ആഘോഷവുമായി എത്തുമെന്നും ആഘോഷം അതിരു കടക്കാതിരിക്കാൻ സഹായിക്കണമെന്നുമാണ് നാട്ടുകാർ പോലീസിനോടാവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനിടയിൽ പ്ലസ് ടു വിദ്യാർഥികൾ സെന്റ് ഓഫിന് ഡിജെ പാർട്ടി ഏർപ്പെടുത്തിയതായ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. നഗരത്തിലെ റിസോർട്ടുകളിൽ പാർട്ടി നടത്താനാണ് കുട്ടികൾ ആദ്യം പദ്ധതി ഇട്ടത്.ഇത് അധ്യാപകരും രക്ഷിതാക്കളും മണത്തറിഞ്ഞതോടെ മാഹിയിലെ ഒരു ഹാളിൽ ഡി ജെ പാർട്ടി നടത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
ആയിരം രൂപയാണത്രെ എൻട്രി ഫീസ്. അധ്യാപകർ വിവരം പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും രക്ഷിതാക്കൾക്ക് കൈമാറി കഴിഞ്ഞു. കുട്ടികളെ ഇത്തരം പാർട്ടികൾക്ക് അയക്കരുതെന്ന് ഒരു പെൺകുട്ടിയുടെ രക്ഷിതാവിനോട് അധ്യാപകൻ പറഞ്ഞപ്പോൾ എന്തിന് തടയണം അവരും ആഘോഷിക്കട്ടേയെന്ന മറുപടിയാണത്രെ ലഭിച്ചത്.