നിയാസ് മുസ്തഫ
ബിജെപിയുടെ തല മുതിർന്ന നേതാവ് എൽകെ അദ്വാനി ഒടുവിൽ മനസില്ലാ മനസോടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലെത്തിയിരിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മത്സരിച്ചുവരുന്ന എൽകെ അദ്വാനിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചത് ബിജെപിയിലെ തന്നെ പല നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷൻ അമിത്ഷാ ഗാന്ധിനഗർ മണ്ഡലം ഏറ്റെടുക്കുകയാണ്.
നിലവിൽ 91 വയസുണ്ട് എൽകെ അദ്വാനിക്ക്. ഏറ്റവും പ്രായം കൂടിയ ലോക്സഭാംഗമാണ് അദ്ദേഹം ഇപ്പോൾ. ഇത്തവണ കൂടി മത്സരിച്ചിരുന്നെങ്കിൽ എൽകെ അദ്വാനിയെത്തേടി ഒരു റിക്കാർഡ് എത്തുമായിരുന്നു. ലോക്സഭയിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആൾ എന്ന റിക്കാർഡ്. പക്ഷേ അതുണ്ടാവില്ല.
മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അദ്വാനി പാർട്ടിയെ അറിയിച്ചതാണ്. ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് ഒരു തവണ കൂടി മത്സരിച്ചാൽ പാട്ടുംപാടി വീണ്ടും ജയിക്കുമായിരുന്നു. എന്നിട്ടും ഒരുകാലത്ത് ബിജെപിയുടെ ഗർജിക്കുന്ന സിംഹമായ അദ്വാനിയെ തഴഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്ന് മനസുകൊണ്ട് നൂറുവട്ടം ആഗ്രഹിച്ച വ്യക്തി കൂടിയാണ് അദ്വാനി.
പ്രധാനമന്ത്രിക്കസേരയിലെത്തുമെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും വിശ്വസിച്ചിരുന്നൊരു കാലവുമുണ്ടായിരുന്നു. 1991ൽ ആദ്യമായി എൽകെ അദ്വാനി ഗാന്ധിനഗറിൽനിന്ന് ജനവിധി തേടുന്പോൾ അദ്ദേഹത്തെ പിന്താങ്ങിയ നേതാവാണ് ശിഷ്യൻ കൂടിയായ നരേന്ദ്രമോദി. ഇന്ന് അതേ നരേന്ദ്രമോദി തന്നെ ഗാന്ധിനഗർ സീറ്റ് പാർട്ടി അധ്യക്ഷനു വിട്ടുനൽകാൻ സമ്മതം മൂളി അദ്വാനിയുടെ പാർലമെന്ററി ജീവിതത്തിന് കടിഞ്ഞാണിട്ടിരിക്കുന്നുവെന്നത് ഏറെ കൗതുകമാണ്.
ഗാന്ധിനഗർ മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. 2017ൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലത്തിലെ ഏഴിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയം നേടി. 2014ൽ 4.83 ലക്ഷം വോട്ടുകൾക്കാണ് അദ്വാനി ഇവിടെ വിജയിച്ചത്. പതിനാലാം വയസിൽ ആർഎസ്എസ് പ്രവർത്തകനായിട്ടാണ് അദ്വാനിയുടെ പൊതുപ്രവർത്തനത്തിലേക്കുള്ള കടന്നുവരവ്.
അതേസമയം, അദ്വാനിക്ക് സീറ്റ് നിഷേധിച്ചത് കോൺഗ്രസ് ബിജെപിക്കെതിരേ രാഷ്ട്രീയ പ്രചാരണായുധമാക്കിയിട്ടുണ്ട്. സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവായ എൽ കെ അദ്വാനിയെപോലും ബഹുമാനിക്കാത്ത നരേന്ദ്രമോദിക്ക് എങ്ങനെ രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കാനാവും, രാജ്യത്തെ ബഹുമാനിക്കാനാവും എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ചോദിക്കുന്നത്.
നിലവിൽ ജനതാദൾ യുണൈറ്റഡിന്റെ രാം സുന്ദർ ദാസാണ് ലോക്സഭയിലേക്ക് മത്സരിച്ച ഏറ്റവും പ്രായം കൂടിയയാൾ. 2009ൽ ഹാജിപൂർ മണ്ഡലത്തിൽനിന്ന് 88-ാമത്തെ വയസിൽ മത്സരിച്ചു വിജയിച്ചു. അഞ്ചുവർഷം പൂർത്തിയാക്കി 93ൽ വിരമിച്ചു. 94ൽ ഇദ്ദേഹം മരണപ്പെട്ടു.