വൈക്കം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഫ്ളെക്സും പോസ്റ്ററുമൊക്കെ നഗരത്തിലേയും നാട്ടിൻ പുറങ്ങളിലേയും മുക്കിലും മൂലയിലും നിറയുന്പോഴും ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് ചുവരെഴുത്താണ്. ഇതര പ്രചാരണങ്ങളെ അപേക്ഷിച്ചു ചുവരെഴുത്തു ഹൃദ്യവും സ്വാഭാവികതയുള്ളതുമാണെന്ന് വൈക്കം മറവൻതുരുത്ത് കെ എസ് മംഗലം പാപ്പാളിത്താഴത്ത് സെയ്ബ അടിവരയിട്ടു പറയുന്നു.
52 വർഷം മുന്പാണ് സെയ്ബ ചുവരെഴുതാൻ ബ്രഷും പെയ്ന്റും കൈയിലെടുത്തത്. 13 വയസുള്ള തന്റെ കയ്യിൽ ബ്രഷും പെയിന്റും തന്ന് ചുവരെഴുത്തിന്റെയും ചിത്രകലയുടെയും ബാലപാഠങ്ങൾ പറഞ്ഞു തന്ന് തന്നെ മികച്ച ചുവരെഴുത്തുകാരനാക്കിയത് അധ്യാപകനായിരുന്ന വി.കെ.ആചാരിയായിരുന്നു. സി പി എം തലയോലപ്പറന്പ് ഏരിയ സെക്രട്ടറി കെ.ശെൽവരാജിന്റെ പിതാവാണ് വി.കെ.ആചാരി.
കഴിഞ്ഞ 52 വർഷമായി തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനു വേണ്ടിമാത്രമേ ചുവരെഴുത്തു നടത്തിയിട്ടുള്ളു. സി പി എം മെന്പറായ സെയ്ബ ഇതിനു പ്രതിഫലവും വാങ്ങാറില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനകം 10 മതിലുകളിൽ ചുവരെഴുത്തു നടത്തി. മറവൻതുരുത്തിലെചെമ്മനാകരി, കൊടുപ്പാടം, വാഴേക്കാട്, കടുക്കര എന്നിവിടങ്ങളിലൊക്കെ ചുവരുകൾ വെളള പൂശി ചുവരെഴുത്തിനായി വെടിപ്പാക്കിക്കഴിഞ്ഞു.
അരനൂറ്റാണ്ടുകാലത്തെ ചുവരെഴുത്തു ജീവിതത്തിൽ സെയ്ബിന്റെ മനസിൽ ഏറ്റവും നിറക്കൂട്ടോടെ നിൽക്കുന്നത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പാണ്. കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോട്ടയത്തെ സ്ഥാനാർഥിയായ സുരേഷ് കുറുപ്പ് മാത്രമാണ് വിജയിച്ചത്.
സുരേഷ് കുറുപ്പിനായി വൈക്കത്തിന്റെ പല ഭാഗങ്ങളിലും രാപകൽ ഭേദമെന്യേ ചുവരെഴുതിയ തനിക്കും ആ വിജയം ഏറെ ആഹ്ലാദം പകർന്നതായി സെയ്ബ പറയുന്നു.ഓരോ തെരഞ്ഞെടുപ്പ് അടുക്കുന്പോഴുംനാട്ടുകാർ ചോദിക്കും എന്നാണ് സെയ്ബിക്ക പണിതുടങ്ങുന്നത്.
തെരഞ്ഞെടുപ്പിനു ചുവരെഴുത്തില്ലെങ്കിൽ ഒരനക്കമില്ലെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും പറയുന്പോൾ സെയ്ബിക്കയും പറയും ശരിയാണ്, തെരഞ്ഞെടുപ്പിനു അനക്കം വയ്ക്കാൻ ചുവരുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും തെളിയണം.