ആലുവ: ദേശീയപാതയോരത്തെ കെട്ടിടത്തിനു മുന്നിലെ കുന്ന് ഇടിച്ചു നിരത്തിയെടുക്കാൻ കെട്ടിടം രാഷ്ടീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കിമാറ്റി കെട്ടിട ഉടമയുടെ അതിബുദ്ധി. ആലുവ ടിവിഎസ് കവലയ്ക്കും എച്ച്എംടി കവലയ്ക്കുമിടയിൽ പഴയ ദേശീയപാതയിൽ സ്വകാര്യവ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് മുന്നിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് എതാനും ദിവസം മുന്പ് നിർത്തിവെച്ച മണ്ണെടുപ്പാണ് ഇന്നലെ രാഷ്ട്രീയ പാർട്ടിയുടെ സഹായത്തോടെ പൂർത്തീകരിച്ചശേഷം മുറികൾ നേതാക്കന്മാർക്കു നൽകിയത്. ഇതിനെത്തുടർന്ന് സിപിഐ കളമശേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിച്ചു.
ഇന്നലെ നടന്ന ഓഫീസ് ഉദ്ഘാടനത്തിൽ ഇടതു മുന്നണി നേതാക്കന്മാരോടൊപ്പം പരാതിക്കാരും പങ്കെടുത്തു. ഇന്നലെ രാവിലെയോടെ ജെസിബിയുമായി മണ്ണ് മാറ്റാൻ ശ്രമം ആരംഭിച്ചപ്പോൾത്തന്നെ നിരവധി പേർ വില്ലേജ് ഓഫീസിലും മറ്റ് അധികാരികളെയും വിവരം വിളിച്ചറിയിച്ചിരുന്നു. എന്നാൽ ഇവരാരുംതന്നെ ഇവിടേയ്ക്കു തിരിഞ്ഞ് നോക്കിയില്ല. കളമശേരി എസ്ഐ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചാണ് സഹകരിച്ചത്.
തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് ഈ കെട്ടിടത്തിൽ ഇന്നലെത്തന്നെ പ്രവർത്തിച്ചു തുടങ്ങി. ഈ കെട്ടിടത്തിന് മുന്നിലെ കുന്ന് നികത്താൻ സഹായിച്ചാൽ സൗജന്യമായി ഇലക്ഷൻ ഓഫീസിനായി കെട്ടിടം നൽകാമെന്ന വാഗ്ദാനത്തെത്തുടർന്നായിരുന്നു ഈ ഇടപാടെന്നാണ് നാട്ടുകാരുടെ ആരോപണം.