മരുഭൂമിയിൽ കുടുങ്ങിപ്പോയ അഞ്ച് വയസുകാരനെ 22 മണിക്കൂറുകൾക്കു ശേഷം കണ്ടെത്തി. അർജന്റീനയിലെ സാൻജുവാനിലാണ് സംഭവം. ബെഞ്ചമിൻ സാൻഞ്ചെസ് എന്നാണ് ഈ കുട്ടിയുടെ പേര്. അമ്മയ്ക്കൊപ്പം കളിക്കുന്നതിനിടെ വഴി തെറ്റിയ കുട്ടി മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു. വിഷപാമ്പുകളും സിംഹവുമായി സാമ്യമുള്ള മൃഗങ്ങളും തേളുകളും ധാരാളമായി വിഹരിക്കുന്ന സ്ഥലമാണിത്.
തുടർന്ന് 21 കിലോമീറ്റർ നടന്ന കുട്ടിയെ ആൽബർട്ടോ ഒന്റീവെറോസ് എന്നയാളാണ് കണ്ടെത്തിയത്. മരുഭൂമിയിലെ അരുവിയിൽ നിന്ന് വെള്ളംകുടിച്ചും പുല്ല് തിന്നുമാണ് താൻ വിശപ്പകറ്റിയതെന്ന് കുട്ടി പറഞ്ഞു.
കുട്ടിയെ കാണാതായി എന്നറിഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിനായി നിരവധിയാളുകൾ സ്ഥലത്ത് എത്തിയിരുന്നു. കുതിരകൾ, ബൈക്കുകൾ, ഡ്രോണ്‍, ഹെലികോപ്റ്ററുകൾ എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.