താഷ്കെന്റ്: എഎഫ്സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഉസ്ബക്കിസ്ഥാന് എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി. കോബിലോവ്, ബോബിർ എന്നിവരാണ് ഗോൾ നേടിയത്.
ആദ്യ പകുതിയുടെ അവസാന നിമിഷംവരെ ഗോൾ വീഴാതെ കാക്കാൻ ഇന്ത്യക്കായി. എന്നാൽ 45-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഉസ്ബെക്കിസ്ഥാന് ഗോൾ അടി ആരംഭിച്ചു. കോബിലോവ് പെനാൽറ്റി നെറ്റിലാക്കി ഉസ്ബെക്കിസ്ഥാന് ലീഡ് നൽകി. 78, 85 മിനിറ്റുകളിൽ രണ്ടു ഗോൾ കൂടി ഇന്ത്യൻ വലയിൽ നിക്ഷേപിച്ച് ബോബിർ ഉസ്ബക്കിസ്ഥാന്റെ വിജയം ആധികാരികമാക്കി.
ഇന്ത്യക്കായി മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും കെ.പി രാഹുലും ആദ്യ ഇലവനില്‍ ഇറങ്ങി. രണ്ടാം മത്സരത്തില്‍ ഇന്ത്യ താജിക്കിസ്താനെ നേരിടും. ഞായറാഴ്ച്ചയാണ് മത്സരം.