തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി കെപിസിസി രംഗത്ത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ സംസ്ഥാന നേതൃത്വം അറിയിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സംയുക്തമായാണ് ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചത്. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്.
വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ കടുത്ത എതിർപ്പ് ദേശീയ നേതൃത്വത്തിനുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ വന്ന പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടിട്ടില്ല. ഇതിനിടെയാണ് രാഹുൽ തന്നെ വയനാട്ടിൽ സ്ഥാനാർഥിയാകണമെന്ന റിവേഴ്സ് ഫോർമുലയുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ ആകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി.സിദ്ദിഖിനോട് ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം സന്തോഷത്തോടെ കോണ്‍ഗ്രസ് അധ്യക്ഷനായി വഴിമാറാൻ തയാറാണെന്ന് അറിയിച്ചുവെന്നും ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.