ഇന്ധനത്തിനായി മലപ്പുറത്തുകാർക്ക് ഇനി പമ്പുകളെ മാത്രം ആശ്രയിക്കേണ്ടി വരില്ല. ടാങ്കറിൽ വീട്ടുപടിക്കൽ വരെ ഇനി ഇന്ധനമെത്തുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് പ്രവർത്തനം സജ്ജമായി.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായി പൂനെയിലെ റീപോസ്റ്റ് എന്ന സ്റ്റാർട്അപ്പ് കന്പനിയുമായി ചേർന്ന് രാജ്യത്ത് ആരംഭിക്കുന്ന മൊബൈൽ പമ്പുകളിലെ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയിരിക്കുന്നത്.
പൂക്കോട്ടൂരിലെ പിഎംആർ പെട്രോളിയം ഏജൻസിയാണ് മലപ്പുറത്തെ വിതരണക്കാർ. വലിയ ടാങ്കർ ലോറിയിൽ നിന്ന് വാഹനങ്ങളിലേക്ക് പെട്രോൾ നിറയ്ക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. സാധാരണ പമ്പുകളിലുള്ളതു പോലെ ഫില്ലിംഗ് യൂണിറ്റ് ലോറിയിൽ ഘടിപ്പിച്ചിരിക്കുകയാണ്.
ടാങ്കർ സ്ഥിരമായി ഒരു റൂട്ടിലൂടെ സഞ്ചരിച്ച് ഇന്ധന വിതരണം നടത്തും. 6000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിന് മികച്ച സുരക്ഷാസംവിധാനങ്ങളുമുണ്ട്. മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം അടുത്ത ദിവസം ആരംഭിക്കും. ഒരു പമ്പുമായി ബന്ധപ്പെട്ട് ആറ് മൊബൈൽ യൂണിറ്റുകൾ വരെ അനുവദിക്കാനാണ് ഇന്ധന കന്പനികളുടെ തീരുമാനം.