കൽപ്പറ്റ: പൊതു തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായി നിരീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങൾക്കുള്ള നിയമവ്യവസ്ഥകൾ സോഷ്യൽ മീഡിയക്കും ബാധകമാണ്.
സംയുക്ത പ്രോജക്ടുകൾ (വിക്കിപീഡിയ), ബ്ലോഗുകൾ, മൈക്രോ ബ്ലോഗുകൾ (ട്വിറ്റർ), കണ്ടെന്റ് കമ്മ്യൂണിറ്റികൾ (യൂ ട്യൂബ്), സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് (ഫേസ്ബുക്ക്), വെർച്വൽ ഗെയിം വേൾഡ് (വാട്ട്സ്ആപ്പ്, മൊബൈൽ ആപ്ലിക്കേഷൻ) തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷൻ സോഷ്യൽ മീഡിയ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് മീഡിയയിൽ തെരഞ്ഞെടുപ്പ് പരസ്യം നൽകുന്നതിനുള്ള മുൻകൂർ അനുമതി നിബന്ധന സോഷ്യൽ മീഡിയയ്ക്കും നിർബന്ധമാണ്.
ഇന്റർനെറ്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് സൈറ്റുകളിലോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ രാഷ്ട്രീയ പരസ്യം നൽകുന്നതിന് ജില്ലാതലത്തിലുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുൻകൂർ അനുമതി നിർബന്ധമാണ്. സ്ഥാനാർഥി നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതു മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെ സൂക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവിൽ സോഷ്യൽ മീഡിയയിൽ നൽകുന്ന പരസ്യത്തിന്റെ ചെലവും ഉൾപ്പെടുത്തും.
സോഷ്യൽ മീഡിയയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ 9446257346 (പിഎം കുര്യൻ, മാതൃക പെരുമാറ്റ ചട്ടം ചാർജ് ഓഫീസർ) എന്ന നന്പറിൽ തെളിവ് സഹിതം അറിയിക്കാം.
സർക്കാർ ഉദ്യോഗസ്ഥരും മറ്റും ഏതെങ്കിലും സ്ഥാനാർഥിയേയോ പാർട്ടിയേയോ പാർട്ടി നേതാക്കളേയോ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകളും വോട്ട് പിടുത്തവും കുറ്റകരമാണ്. ഇത്തരത്തിലുള്ള പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.