മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ മാർച്ച് 23 മുതൽ 24 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ വരെ ഉയരുവാൻ സാധ്യതയുണ്ട്.
മാർച്ച് 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി ചുവടെ ചേർക്കുന്ന നടപടികൾ നിർദേശിക്കുന്നു. പൊതുജനങ്ങൾ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
രോഗങ്ങൾ ഉള്ളവർ 11 മുതൽ മൂന്ന് വരെയെങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക, വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്, കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുണം.
വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്നതിനാൽ തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കുക
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകർ കൂടുതൽ ശ്രദ്ധിക്കുക. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്നും ഉയർന്ന നിലയിൽ തുടരുവാനാണ് സാധ്യത.
വേനൽക്കാലത്തെ പത്ഥ്യമായ ആഹാരങ്ങൾ
ദഹിക്കാൻ എളുപ്പമുള്ളതും ശരീരത്തിന് തണുപ്പിനെ പ്രദാനം ചെയ്യുന്നതും മധുരരസമുള്ളതും ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങൾ കഴിക്കുക. മലർക്കഞ്ഞി, കഞ്ഞി അൽപം നെയ്യ് ചേർത്തത്, പാൽക്കഞ്ഞി എന്നിവ കഴിക്കാം. തണ്ണിമത്തൻ, ഓറഞ്ച്, വാഴപ്പഴം, പേരക്ക, മാന്പഴം, ചക്ക, മുന്തിരി, വെള്ളരി, നെല്ലിക്ക തുടങ്ങിയ ദ്രവാംശം കൂടുതലുള്ളതും ധാതുലവണങ്ങളാൽ സംപുഷ്ടവുമായ പഴങ്ങളും, പടവലം, കോവൽ, ചെരങ്ങ തുടങ്ങിയ പച്ചക്കറികളും ധാരാളമായി ഉപയോഗിക്കാം. ദാഹമില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. സൂപ്പുകളും പഴച്ചാറുകളും ഉപയോഗിക്കാം.കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം, നന്നാറി സർബത്ത്, നാരങ്ങാവെള്ളം, കരിന്പിൻജ്യൂസ്, സംഭാരം, തുടങ്ങിയവ നിർജലീകരണം തടയാൻ സഹായിക്കും.
രാമച്ചം, ഉണക്കമുന്തിരി, നന്നാറി, കൊത്തമല്ലി എന്നിവ ഉപയോഗിച്ചുണ്ടാക്കിയ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഉറക്കകുറവിന് നേർപ്പിച്ച പശുവിൻപാൽ പഞ്ചസാര ചേർത്ത് രാത്രി കിടക്കുന്നതിനുമുന്പ് കുടിക്കാം. തൈരു വെള്ളം ചേർക്കാതെ കുറച്ച് ചുക്ക്, ജീരകം, കുരുമുളക്, എന്നിവ പൊടിച്ച് ചേർത്ത് പഞ്ചസാരകൂട്ടി കടഞ്ഞെടുത്ത് ഉണ്ടാക്കുന്ന രസാള വളരെ ഗുണപ്രദമാണ്. നാളികേരം ചിരവിയത് വെള്ളംചേർത്ത് മിക്സിയിൽ അടിച്ച് അരച്ചെടുത്ത് ശർക്കരനീരും എലയ്ക്കാപ്പൊടിയും ചേർത്ത് ഉപയോഗിക്കാം.
വേനൽക്കാലത്ത് ശീലിക്കേണ്ടത്
കട്ടികുറഞ്ഞതും അയവുള്ളതും ഇളംനിറത്തിലുള്ളതുമായ കോട്ടണ് വസ്ത്രങ്ങൾ ഉപയോഗിക്കുക. കായികാധ്വാനം വേണ്ടിവരുന്ന ജോലികളിൽ സമയക്രമം പാലിക്കുക, പകൽ പുറത്തിറങ്ങുന്പോൾ കൂളിംഗ് ഗ്ലാസ്, കുട, തൊപ്പി ധരിക്കുക. വെയിലത്ത് നിന്നു വന്നാൽ വിയർപ്പകറ്റിയ ശേഷം കുളിക്കുക. എസി ഉപയോഗിക്കുകയാണെങ്കിൽ സാധാരണ അന്തരീക്ഷ ഉൗഷ്മാവിൽ നിലനിർത്തുക ( 20 0 25 0 ര )തണുത്തവെള്ളത്തിൽ രണ്ടുനേരം കുളിക്കുക. മിതമായ തോതിൽ മാത്രം വ്യായാമം ചെയ്യുക.
പുളി, ഉപ്പ്, എരുവ് രസമുള്ള ആഹാരപാനീയങ്ങൾ, മദ്യത്തിന്റെ ഉപയോഗം, ഫാസ്റ്റ് ഫുഡ്, വറുത്ത് പൊരിച്ചതുമായ ആഹാര സാധനങ്ങൾ, മസാലചേർത്ത ആഹാരങ്ങൾ, അച്ചാർ, ബേക്കറി പലഹാരങ്ങൾ ശീതീകരിച്ച ആഹാരസാധനങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്സ്, ചായ, കാപ്പി, പൊറോട്ട, ബ്രെഡ്, മൈദവിഭവങ്ങൾ എന്നിവ ഒഴിവാക്കാം.