കൊച്ചി: വിവാഹത്തട്ടിപ്പിലൂടെ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര തോട്ടുങ്കര പെരുമാഞ്ചേരിയിൽ അനിലിന്റെ മകൻ അമലിനെ (31) ആണ് എറണാകുളം സ്വദേശിനിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമതായി വിവാഹം കഴിച്ച യുവതിയെ ഉപേക്ഷിച്ചു മുങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
ആദ്യ വിവാഹത്തിൽ ഭാര്യയും മക്കളുമുള്ള കാര്യം മറച്ചുവച്ചായിരുന്നു തുടർന്നുള്ള രണ്ടു വിവാഹങ്ങളും നടത്തിയത്. ബലാത്സംഗം, ശാരീരിക പീഡനം, ബഹുഭാര്യാത്വം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിവാഹത്തട്ടിപ്പിനും സ്വർണം കൈക്കലാക്കിയതിനും അമലിനെതിരേ പാറശാല പോലീസിൽ നേരത്തെ കേസുണ്ട്. നെയ്യാറ്റിൻകര സ്വദേശിനിയാണ് അവിടെ പരാതി നൽകിയത്.
വിദേശത്തു രണ്ടു ലക്ഷം രൂപ ശന്പളമുള്ള ജോലിയുണ്ടെന്നു തെറ്റിധരിപ്പിച്ചായിരുന്നു വിവാഹം. 130 പവൻ സ്വർണാഭരണവും പണവും തട്ടിയെടുത്തുവെന്നു നെയ്യാറ്റിൻകര സ്വദേശിനിയുടെ പരാതിയിൽ പറയുന്നു. ഈ വിവാഹബന്ധം വേർപെടുത്താനുള്ള നടപടി തുടങ്ങിയതോടെയാണ് എറണാകുളത്തെ യുവതിയെ വിവാഹം കഴിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.