ബംഗളൂരു: അച്ഛന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ പതറാതെ പരീക്ഷയെഴുതി മകൾ. അന്തരിച്ച മന്ത്രി സി.എസ്. ശിവള്ളിയുടെ മകൾ രൂപയാണ് ഇന്നലെ മരണവീട്ടിൽ നിന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ബന്ധുക്കൾ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തവേ സങ്കടം ഉള്ളിലൊതുക്കി അച്ഛനുവേണ്ടി പരീക്ഷയെഴുതാനുള്ള തയാറെടുപ്പിലായിരുന്നു പതിനാറുകാരിയായ രൂപ. ആരോടും ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നാണ് പരീക്ഷയെഴുതിയ ശേഷം രൂപ മാധ്യമങ്ങളോടു പ്രതികരിച്ചത്.
കർണാടക മുനിസിപ്പൽ ഭരണവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എസ്. ശിവള്ളി (56) ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ധർവാഡ് ജില്ലയിലെ കുൻഡ്ഗോൾ മണ്ഡലത്തിൽനിന്നു മൂന്നു തവണ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.