കോട്ടയത്ത് പിടിയിലായ കമ്പത്തെ കഞ്ചാവ് രാജാവ് ശിങ്കരാജിനെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിങ്കരാജ് (പാണ്ഡ്യന് 63) കോട്ടയത്തു രഹസ്യ ഇടപാടിനെത്തിയപ്പോഴാണു പിടിയിലായത്. കമ്പം ഉത്തമപുരം സ്വദേശിയാണ് ഇയാള്‍. ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡും ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡും ചേര്‍ന്നാണ് ഇയാളെ കുടുക്കിയത്.
നാല്‍പ്പത് വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ ആദ്യമായാണ് കേരള പോലീസിന്റെ പിടിയിലാകുന്നത്. കമ്പത്തു നിന്നു കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് ശിങ്കരാജ്. ഇയാളുടെ നേതൃത്വത്തില്‍ ഉത്തമപുരത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നത്. ജില്ലയിലെ അടുത്ത അനുയായിക്ക് കഞ്ചാവ് നല്കാന് ശിങ്കരാജ് നേരിട്ട് എത്തുമെന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടര്‍ന്ന് ഡിെവെ.എസ്പി ആര്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി നഗരത്തില്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയ പ്രതിയെ പോലീസ് കീഴടക്കുകയായിരുന്നു.
ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കഞ്ചാവ് മാഫിയയുടെ തലവനാണ് ശിങ്കരാജ്. മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ അകമ്പടിയിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. ഇയാള്‍ക്കെതിരെ ഇതുവരെ ഒരു കേസ് മാത്രമാണു കേരളത്തിലുണ്ടായിരുന്നത്. ഈ സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള വന്‍ നിര തന്നെ ഉള്‍പ്പെട്ടിട്ടുണ്ട്. നേരിട്ട് ഇടപാടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്ത ശിങ്കരാജ് സ്ത്രീകളെ ഇടനിലക്കാരായി നിര്‍ത്തിയാണ് വില്പന. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണു പ്രധാന ഇടപാടുകാര്‍. എല്ലാ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ശിങ്കരാജിനെത്തേടി കമ്പത്തെത്തിയിരുന്നു.
ഒഡീഷ,ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുമാണ് ബംഗളുരുവില്‍ എത്തിക്കുന്ന കഞ്ചാവ് പിന്നീട് പാസഞ്ചര്‍ ട്രെയിനുകളിലും ചരക്കു വാഹനങ്ങളിലും കയറ്റിയാണു കമ്പത്തെത്തിച്ചിരുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളുടെ കിടപ്പു മുറിയില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി അതിലാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്. ഈ മുറികളില്‍ ഭീമാകാരന്മാരായ വന്‍ നായ്ക്കളുടെ കാവലിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. സുരക്ഷയ്ക്കായി പത്തോളം നായ്ക്കളുമണ്ട്. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയത്താണു പ്രധാന കച്ചവടം. അഞ്ചു മുതല്‍ 10 ലക്ഷം രൂപയുടെ വരെ കഞ്ചാവാണ് ഈ സമയത്തു വില്‍ക്കുന്നത്.
പത്തംഗ അഭിഭാഷക സംഘമാണ് ശിങ്കരാജിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തിനും തയ്യാറായ ഗുണ്ടാപ്പടയും. രഹസ്യവിവരത്തെത്തുടര്‍ന്ന് ശിങ്കരാജിനെ വളഞ്ഞ പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിന് ശിങ്കരാജ് ഒരിക്കലും നേരിട്ട് എത്തിയിരുന്നില്ല. അത്ര അടുപ്പമുള്ളവരുമായി മാത്രമാണ് ഇയാള്‍ നേരിട്ട് എത്തിയിരുന്നത്.
മലയാളികളാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മലയാളികള്‍ക്ക് കഞ്ചാവ് കൊടുത്ത് മടുത്തു എന്നാണ് ഒരു അനുയായിയോട് പറഞ്ഞത്. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള മാഫിയ സംഘത്തെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ശിങ്കരാജിനെ പിടികൂടിയതോടെ കേരളത്തിലെ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യാനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.