ഇസ്ലാമാബാദ്: പ്രായപൂർത്തിയാകാത്ത രണ്ടു ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തിൽ പാക്കിസ്ഥാനിൽ ഒരാൾ അറസ്റ്റിൽ. വിവാഹത്തിന് നേതൃത്വം നൽകിയ ആളാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്.
പെൺകുട്ടികൾ സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബ് പ്രവിശ്യ കോടതിയെ സമീപിച്ചതായും റിപ്പോർട്ട് ഉണ്ട്. രവീണ(13), റീന(15) എന്നീ കുട്ടികളെ ഹോളി ആഘോഷത്തിന്റെ തലേന്ന് സിന്ധിലെ ഗോട്കിയിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരുടെ നിക്കാഹ് നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചു.
നിർബന്ധത്തിനു വഴങ്ങിയല്ല ഇസ്ലാം മതം സ്വീകരിച്ചതെന്ന് പെൺകുട്ടികൾ പറയുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. സംഭവത്തിൽ ഹിന്ദു സമുദായം വൻ പ്രക്ഷോഭം നടത്തിവരുകയാണ്. കോഹ്ബാർ, മാലിക് ഗോത്രങ്ങളിൽപ്പെട്ടവരാണ് തട്ടിക്കൊണ്ടുപോയതെന്നു കരുതുന്നു. ഇവരും പെൺകുട്ടികളുടെ പിതാവും തമ്മിലുണ്ടായ വഴക്കാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നു പോലീസിനു നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അക്രമികൾക്കെതിരേ കേസെടുക്കാൻ പോലീസ് ആദ്യം മുതിർന്നില്ലെന്ന് പാക്കിസ്ഥാൻ ഹിന്ദു ക്ഷേമ ട്രസ്റ്റിന്റെ പ്രസിഡന്റ് സംജേഷ് ധൻജ പറഞ്ഞു. നിരവധിത്തവണ കുത്തിയിരിപ്പു പ്രതിഷേധം നടത്തിയപ്പോഴാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഉടനടി റിപ്പോർട്ട് നല്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദേശിച്ചിരുന്നു.
ട്വിറ്ററിൽ വാക് പോര്
ന്യൂഡൽഹി/ഇസ്ലാമാബാദ്: പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും തമ്മിൽ വാക്പോര്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറിൽനിന്ന് ആവശ്യപ്പെട്ടതായി സുഷമ ട്വീറ്റ് ചെയ്തതോടെയാണു തുടക്കം. ഇത് പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നു ചൗധരി ട്വിറ്ററിൽ മറുപടി നല്കി. വിശദാംശങ്ങൾ തേടിയപ്പോൾതന്നെ പാക് മന്ത്രി പരിഭ്രാന്തനായെന്നും ഇത് കുറ്റബോധം കൊണ്ടാണെന്നും സുഷമ തിരിച്ചടിച്ചു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആളുണ്ടെന്നും കാഷ്മീരിലെയും ഗുജറാത്തിലെയും ന്യൂന പക്ഷങ്ങളുടെ കാര്യം ഇന്ത്യ നോക്കിയാൽ മതിയെന്നും ചൗധരി തുടർന്നു പറഞ്ഞു.