കോട്ടയം: കോട്ടയത്ത് പിടിയിലായ കഞ്ചാവ് മാഫിയ തലവൻ കന്പം ഉത്തമപുരം ശിങ്കരാജിന്റെ (പാണ്ഡ്യൻ-63) മൊബൈൽ ഫോണിലെ നന്പരുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇയാൾ കഞ്ചാവ് കൊടുക്കുന്നവരുടെ ഫോണ് നന്പറുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ കോട്ടയത്തെ പ്രമുഖ കഞ്ചാവ് വിൽപ്പനക്കാരുടെ നന്പർ ഉൾപ്പെടെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
കോട്ടയം ആന്റി ഗുണ്ടാ സ്ക്വാഡും ആന്റി നാർക്കോട്ടിക് സ്ക്വാഡും ചേർന്നാണ് ശിങ്കരാജിനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ശിങ്കരാജിനെ ബലപ്രയോഗത്തിലൂടെയാണു പോലീസ് കീഴടക്കിയത്.
ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടത്. ജില്ലയിലുള്ള ഇയാളുടെ അടുത്ത അനുയായിക്ക് കഞ്ചാവ് നൽകാൻ ശിങ്കരാജ് നേരിട്ട് എത്തുമെന്ന് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കന്പത്തു നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് ശിങ്കരാജെന്ന് പോലീസ് പറഞ്ഞു.
40 വർഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാൾ ആദ്യമായിട്ടാണു കേരള പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ നേതൃത്വത്തിൽ ഉത്തമപുരത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽക്കുന്നത്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള വൻ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടാ സംഘത്തിന്റെ അകന്പടിയിൽ മാരകായുധങ്ങളുമായിട്ടാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി നഗരത്തിൽ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയ പ്രതിയെ കോട്ടയം ഈസ്റ്റ് സിഐ ജി. ബിനു, ആന്റി ഗുണ്ട സ്ക്വാഡ് എസ്ഐ ടി. എസ്. റെനീഷ്, കോട്ടയം ഈസ്റ്റ് എസ്ഐ കെ.എം. മഹേഷ് കുമാർ, എഎസ്ഐമാരായ ഐ. സജികുമാർ, നൗഷാദ്, സിപിഒമാരായ പി.എൻ. മനോജ്, പി.വി. മനോജ്, റിച്ചാർഡ്, ജോർജ് വി.ജോണ് എന്നിവരടങ്ങുന്ന സംഘം സാഹസികമായാണ് പിടികൂടിയത്.
ഓടിരക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.