പെണ്ണുകാണാന്‍ പോവുമ്പോള്‍ പോലും പാര്‍ട്ടിയെ പുകഴ്ത്തിപ്പറയുന്ന കഥാപാത്രത്തെ സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തോട് സാമ്യം തോന്നുന്ന മറ്റൊരു വ്യക്തിയെ സോഷ്യല്‍മീഡിയ പരിചയപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടിയെ ജീവനായി കാണുന്ന വ്യക്തികളുടെ വിവാഹം നടത്തിയാല്‍ ഇതുപോലിരിക്കും എന്നാണ് പലരും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് അഭിപ്രായപ്പെടുന്നത്. വിവാഹശേഷം വധുവുമൊത്ത് കാല്‍നടയായി വീട്ടിലേക്ക് വരുന്നതാണ് രംഗം. കൂട്ടത്തില്‍ സുഹൃത്തുക്കളുമുണ്ട്.
വെറുതെ കാല്‍നടയായിട്ടല്ല വരുന്നത്. വരുന്ന വഴിയില്‍ സഖാവ് പി.ജയരാജന് കീ ജയ് വിളിച്ചുകൊണ്ടാണ് വരവ്. മുഷ്ടിചുരുട്ടി സഖാവ് പി.ജെ. ജയ് എന്ന് വിളിച്ച് മുന്നില്‍ നടക്കുന്നത് വരന്‍ തന്നെയാണ്. നവവരന്റെ വേഷമണിഞ്ഞ് ഒരു കയ്യില്‍ പൂമാലയുമേന്തിയാണ് ഈ മുദ്രാവാക്യം വിളി. വധുവിന്റെ മുഖത്ത് എന്നാല്‍ അത്ര ആവേശം കാണുന്നില്ല. വരന്റെയും കൂട്ടരുടെയും പ്രകടനം കണ്ട് വധു ഞെട്ടിയിട്ടുണ്ട് എന്നത് ഉറപ്പാണ്. വിവാഹം കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നവവധൂവരന്മാര്‍ക്ക് നല്‍കിയ പണിയാണെന്നാണ് കരുതപ്പെടുന്നത്.