മമ്മൂട്ടി-സുമലത ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് നിറക്കൂട്ട്. ജോഷി ഒരുക്കിയ ഈ ചിത്രത്തില്‍ അജിത് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബു നമ്പൂതിരിയായിരുന്നു. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അത്ര ശുഭാമാല്ലാത്ത പല സംഭവങ്ങളും ഉണ്ടായി. താന്‍ പുറത്താകേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നുവെന്നു ഒരു അഭിമുഖത്തില്‍ ബാബു നമ്പൂതിരി പങ്കുവച്ചു.
കൊല്ലത്ത് വച്ച് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നപ്പോള്‍ ഒരു സംഭവമുണ്ടായി. അജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം. നായകനായ മമ്മൂട്ടിയെ സ്നേഹിക്കുന്ന നായികയാണ് സുമലത. നായകന്റെ അടുത്ത സുഹൃത്തായ അജിത്തിനും സുമലതയെ ഇഷ്ടമാണ്. എങ്ങനെയെങ്കിലും സുമലതയെ വശപ്പെടുത്താന്‍ ശ്രമിക്കുന്ന അജിത്ത് ഒടുവില്‍ അവരെ ട്രാപ്പ് ചെയ്യുന്നുണ്ട്. ബലമായി പിടിച്ചുവലിക്കുകയും തോളിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തോളിലെടുത്തു കൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് രംഗം. എന്റെ തോളില്‍ കിടക്കുന്ന സുമലത വഴുതി മാറാന്‍ ശ്രമിച്ചു കൊണ്ട് കയ്യും കാലുമെല്ലാം ആട്ടുന്നുണ്ട്.
ഞാന്‍ വളരെ വേഗത്തിലാണ് നടക്കുന്നത്. കണ്ണടച്ച് സുമലത തോളില്‍ കിടക്കുന്നു. പെട്ടെന്ന് വാതിലിന്റെ കട്ടിളയില്‍ സുമലതയുടെ നെറ്റി തട്ടി. കരച്ചിലായി, ബഹളമായി. താരതമ്യേന തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തു നിന്നുള്ള വീഴ്ച എന്ന പേരില്‍ എനിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. ജോഷി സാറിനോ ജോയ് തോമസിനോ ഒന്നുമല്ല, മറ്റുള്ളവര്‍ക്ക് അത് വലിയ പ്രശ്നമായി. അതില്‍ സുമലതയും ഉണ്ടാകുമെന്നാണ് കരുതിയത്.
കുറച്ചു കൂടെ അനുഭവമുള്ള ഒരാളായിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു എന്നായിരുന്നു പലരും പറഞ്ഞത്. അതോടെ ഷൂട്ടിങ് നിര്‍ത്തി വെച്ചു. പിന്നീട് മുറിവേറ്റ സുമലതയെയും കൊണ്ട് ജ്യോത്സനായ കോരച്ചേട്ടന്റെ അടുത്തേക്കാണ് നിര്‍മാതാവ് ജോയ് തോമസ് പോയത്. കോരച്ചേട്ടന്‍ മുറിവ് കണ്ടിട്ട് പറഞ്ഞു, വളരെ നന്നായിരിക്കുന്നു, ചോര കണ്ടില്ലേ? പടം ഹിറ്റാവും.
ഈ സംഭവത്തെ വളരെ നെഗറ്റീവ് ആയാണ് അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നതെങ്കില്‍ ഒരുപക്ഷേ സുമലതയും ഞാനുമുള്ള രംഗങ്ങള്‍ മറ്റൊരാളെ വെച്ച് പൂര്‍ത്തിയാക്കിയേനെ. എന്നാല്‍ കോരച്ചേട്ടന്റെ വാക്കുകളിലുള്ള വിശ്വാസം എല്ലാം ശുഭമാക്കി. ഒന്ന് രണ്ട് ആഴ്ചകളുടെ ബ്രേക്കിന് ശേഷം ഷൂട്ടിങ് വീണ്ടും തുടര്‍ന്നു ‘- ബാബു നമ്പൂതിരി പറഞ്ഞു.