കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഭീകരന്റെ വെടിയേറ്റു മരിച്ച അൻസി ബാവ (25)യുടെ മൃതദേഹം ഇന്നുരാവിലെ 11-ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.പുലർച്ചെ 3.18-ന് നോർക്കയുടെ നേതൃത്വത്തിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം എറണാകുളം പ്രോട്ടോകോൾ ഓഫീസർ ജെയ്പോൾ, അൻസിയുടെ ബന്ധു പി.എച്ച്.നിയാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
എംഎൽഎമാരായ ഹൈബി ഈഡൻ, റോജി എം. ജോണ്, അൻവർ സാദത്ത്, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് മൃതദേഹം അൻസിയുടെ ഭർത്താവ് മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിന്റെ വീട്ടിലും മേത്തല ഗൗരിശങ്കർ ആശുപത്രിക്കു സമീപമുള്ള അൻസിയുടെ വീട്ടിലും കൊണ്ടുവന്നു.
ഇരുവീടുകളിലും പുലർച്ച മുതൽ രാവിലെ ഒന്പതുവരെ ആയിരക്കണക്കിന് നാട്ടുകാരും ബന്ധുക്കളും എത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് പൊതുദർശനത്തിനായി മേത്തല കമ്യൂണിറ്റി ഹാളിൽ കൊണ്ടുവന്നപ്പോഴും നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ആർഡിഒ കാർത്ത്യായനി, സംസ്ഥാന സർക്കാരിനുവേണ്ടി വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്റ് എംപി, യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാൻ, എംഎൽഎമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസണ് മാസ്റ്റർ, മുൻ എംഎൽഎ ടി.യു. രാധാകൃഷ്ണൻ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, മുൻ എംഎൽഎ ഉമേഷ് ചള്ളിയിൽ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ തുടങ്ങി നിരവധി രാഷ്ട്രീയ -സാംസ്കാരിക-സാമൂഹിക പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചു.
ഒരുവർഷം മുന്പാണ് അൻസി ഉപരിപഠനത്തിനായി ഭർത്താവ് നാസറിനൊപ്പം ന്യൂസിലൻഡിലേക്ക് പോയത്. നാസർ ന്യൂസിലൻഡിൽ ജോലി ചെയ്യുകയാണ്. ബിടെക് പാസായ അൻസി ഉപരിപഠനം പൂർത്തിയാക്കി ഏപ്രിൽ മാസത്തിൽ റിസൾട്ട് കാത്തിരിക്കെയാണ് ഭീകരന്റെ തോക്കിന് ഇരയായിത്.
കഴിഞ്ഞ 15-ന് ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളിയിൽ പ്രാർഥനയ്ക്ക് പോയ ഇരുവരും നമസ്കരിച്ചുകൊണ്ടിക്കെയാണ് 50ഓളം പേരുടെ ജീവൻ കവർന്ന ഭീകരൻ അൻസിയെയും വെടിവച്ചു വീഴ്ത്തിയത്. നാസർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച നാസർ നാട്ടിലെത്തി. മേത്തല കരിപ്പാക്കുളം അലിബാവയുടെ മകളാണ് അൻസി. ഉമ്മ: റസിയ. ഏകസഹോദരൻ: ആസിഫ്.