മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ ഇടത് മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ലോക് താന്ത്രിക് ജനതാദൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അണികൾ. മുക്കത്ത് നടന്ന നാല് നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് ഇടത് മുന്നണി സീറ്റ് നിഷേധിച്ചതിലുള്ള അമർഷം പ്രാദേശിക നേതാക്കൾ അടക്കമുള്ള അണികൾ ശക്തമായി പ്രകടിപ്പിച്ചത്.
സീറ്റ് ലഭിക്കാത്തതിൽ പ്രവർത്തകർക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് എൽജെഡി സംസ്ഥാന നേതൃത്വം തുറന്ന് സമ്മതിക്കുകയും ചെയ്തു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എൽജെഡി പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് യോഗം ചേർന്നത്. സീറ്റ് ലഭിക്കാത്തതിൽ പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നും അത് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി പറഞ്ഞു.
വിമർശനങ്ങൾ പാർട്ടി നേതൃത്വം ഉൾക്കൊള്ളുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ നിലപാടല്ലാതെ ഒരു നിലപാടും സ്വീകരിക്കാൻ കഴിയില്ല. യുഡിഎഫിൽ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. ഇടതു മുന്നണി തദ്ദേശസ്വയംഭരണ സ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ രീതിയിൽ പരിഗണിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ടന്നും വി. കുഞ്ഞാലി യോഗത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ എൽജെഡി പ്രവർത്തകർ വ്യാപകമായി വിട്ടു നിൽക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനത്തിന് ഒപ്പം നിൽക്കുവാൻ പ്രവർത്തകർ തയ്യാറാവണം. ഇടത് മുന്നണിയിലേക്ക് മാറാനും സീറ്റ് ലഭിക്കാതിരിക്കാനിടയുമായ തീരുമാനം ദുഃഖകരമെങ്കിലും പ്രവർത്തകർ പാർട്ടി തീരുമാനം അംഗീകരിക്കണമെന്നും വി. കുഞ്ഞാലി പറഞ്ഞു.
തുടർന്ന് സംസാരിച്ച എം.വി ശ്രേയാംസ് കുമാറും പ്രവർത്തകരെ അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. ശ്രേയാംസ് കുമാറിന്റെ പ്രസംഗം റിപ്പാർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ വിലക്കുകയും ചെയ്തു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, തിരുവമ്പാടി മണ്ഡലത്തിലെ പ്രവർത്തകർക്കായാണ് യോഗം നടന്നത്.