ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രമ്യയെ മാളികപ്പുറത്തമ്മയാക്കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്.് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായ പിന്തുണ നല്‍കിയും യുഡിഎഫ് സ്ഥാനാര്‍ഥികളെ കളിയാക്കിയും അടുത്തിടെ ദീപ നിരവധി പോസ്റ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. അന്നൊന്നും വിവാദം ഉയര്‍ന്നിരുന്നില്ല. എന്നാല്‍ സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ അപമാനിച്ചതോടെ കോണ്‍ഗ്രസുകാര്‍ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ വലിയ താരമായിരുന്ന ദീപ അറിയപ്പെടുന്നത് ഇടതു ചിന്തക എന്നനിലയിലായിരുന്നു. എന്നാല്‍ കവിതാ മോഷണത്തില്‍ ദീപ കുടുങ്ങിയതോടെ ഇവരുടെ പ്രതിച്ഛായയും മങ്ങി. ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണെങ്കിലും പഴയപോലെ പിന്തുണ കിട്ടുന്നില്ല.
അതിനിടെ ദീപയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിംഗും രംഗത്തുവന്നു. ദീപയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നല്കിയ മറുപടി ഇങ്ങനെ-
ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇടത് സാംസ്കാരിക മൂലധനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു മാളികപ്പുറത്തമ്മയുടെ അയല്‍ക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത മാത്രമായി കാണുന്നു. ജനാധിപത്യം വല്യ വല്യ പ്രക്രിയയാണ് എന്നോകെ എഴുതാന്‍ മറന്നിട്ടില്ല കക്ഷി. എന്നാല്‍ സ്വന്തം കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാന്‍ മത്സരിക്കുന്ന സ്ഥിരം കപട ഇടത് പ്രിവിലേജില്‍ അഹങ്കരിക്കുന്ന മാളികപ്പുറത്തമ്മ രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോള്‍ ചിരിയാണ് വരുന്നത്.
രമ്യ ഹരിദാസ്, കുറച്ചു വേദികളില്‍ പാട്ട് പാടിയതാണ് മാളികപ്പുറത്തെ ചൊടിപ്പിച്ചത്. പാട്ട് കേട്ടിരുന്നവര്‍ക്കില്ലാത്ത അസ്വസ്ഥതയാണ് കേരളാ വര്‍മയിലെ സാഹിത്യ സിംഹത്തിനുള്ളത്. എല്ലാവര്ക്കും നിങ്ങളുടെ ഭൂതകാലം വായിച്ച് കുളിരു കോരാന്‍ കഴിയുമോ, തീര്‍ത്തും ഗ്രാമ പ്രദേശങ്ങള്‍ നിറഞ്ഞ ആലത്തൂരിലെ സാധാരണക്കാര്‍ക്ക് മുന്പില് അവര്‍ക്ക് പ്രശ്നമില്ലാത്തിടത്തോളം കാലം രമ്യ പാട്ട് പാടിയാല്‍ ഇത്ര പൊള്ളാനുണ്ടോ ?
ഈ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെ കുറിച്ച് ഇടത് പക്ഷം കോണ്‍ഗ്രസിന് ക്ലാസ് എടുക്കുന്നത് കോമഡിയാണ്. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് യാതൊരു പ്രതിബദ്ധതയുമില്ലാതെ, പ്രസക്തിയുമില്ലാത്ത സിപിഎമ്മിനെക്കാള്‍ ഇവിടെ ജനങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയം കോണ്‍ഗ്രസിന്റേതാണ്. രമ്യ ഹരിദാസിന് കൃത്യമായ രാഷ്ട്രീയം പറയാനറിയാം. എ സി റൂമില്‍ ഇരുന്നു ആലത്തൂരില്‍ ഗാനമേള മാത്രമാണ് രമ്യ നടത്തുന്നതെന്ന് തോന്നുന്നത് ജീവിതം തന്നെ എ സി റൂമില്‍ കഴിച്ചു കൂട്ടുന്നതുകൊണ്ടാണ്.
കുന്നമംഗലത്തെ ജനങ്ങളുടെ മുന്പില് ജനവിധി നേടി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് രമ്യ അങ്കത്തിനിറങ്ങുന്നത്. ദീപ നിഷാന്ത് പങ്കെടുക്കുന്നത് കൂടിപ്പോയാല്‍ ആര്‍ത്തവ സെമിനാറിലും, ഡിവൈഎഫ്ഐ സെമിനാറിലും ആകുമ്പോള്‍ രമ്യ പങ്കെടുത്തത് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയുടെ ഉന്നതമായ വേദികളില്‍ ആയിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യത്തുടനീളമുള്ള നേതൃ വ്യക്തിത്വങ്ങളില്‍ നിന്നും നിലപാട് കൊണ്ടും, പ്രവര്‍ത്തന മികവ് കൊണ്ടും രാഹുല്‍ ഗാന്ധി കണ്ടെത്തിയ വ്യക്തിത്വമാണ് രമ്യ.
രാഷ്ട്രീയം ഒരു കച്ചവടമായി രൂപാന്തരപ്പെട്ട ഈ കാലത്ത് യാതൊരു ഉളുപ്പുമില്ലാതെ കച്ചവടക്കാരെയും കോടീശ്വരന്മാരെയും സിപിഎം കെട്ടി എഴുന്നിള്ളിക്കുമ്പോള്‍ മൗനം പാലിക്കുന്ന ദീപ നിശാന്തൊക്കെ ഓര്‍ക്കുക. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവില്‍ നിന്ന് വരുന്ന രമ്യയെ പോലുള്ള വ്യക്തിത്വങ്ങളെ ജനത ചേര്‍ത്തു പിടിക്കും. രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോള്‍ ദീപ നിശാന്തില് നിന്ന് തേട്ടി തേട്ടി കയറിവരുന്ന ആ പുച്ഛം കലര്‍ന്ന ആവേശത്തില്‍ അടങ്ങിയ സവര്‍ണ്ണ എരിച്ചിലിന്റെ അംശം തിരിച്ചറിയപെടുന്നില്ല എന്ന് കരുതരുത്. കൂട്ടത്തില്‍ ഒന്ന് കൂടി ഓര്‍മിപ്പിക്കേണ്ടതുണ്ട്.
ഇന്നസെന്റിനെ സിപിഎം പാര്‍ലമെന്റിലേക്ക് അയച്ചത് ഏഷ്യാനെറ്റ് അവാര്‍ഡില്‍ ബെസ്റ്റ് കൊമേഡിയന്‍ അവാര്‍ഡ് വാങ്ങാന്‍ ആയിരുന്നൊ ? അവിടെ അവാര്‍ഡ് ഷോ ആണോ നടത്തുന്നത് ? നടന് മുകേഷിനെ കേരളാ നിയമസഭയിലേക്ക് സിപിഎം പറഞ്ഞു വിട്ടത് നിയമസഭയില്‍ വനിത അവാര്‍ഡില്‍ സ്വഭാവ നടന്റെ അവാര്‍ഡ് കൊടുക്കുന്നതുകൊണ്ടാണോ ? ഇന്നസെന്റിന്റെ പ്രചരണ പരിപാടിയില്‍ കലാഭവന്‍ മണിയെ കൊണ്ട് നാടന്‍പാട്ട് പാടിച്ചത് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഓഡിഷന് നടക്കുന്നതുകൊണ്ടാണോ ?
അപ്പോ, എന്തെങ്കിലും പറയണം എന്ന് കരുതി ചുമ്മാ ഓരോന്ന് പറയരുത് സിപിഎമ്മിന്റെ മാളികപ്പുറം. ആദ്യത്തെ ദളിത് വനിത എംപി എന്നൊക്കെ ആ പേജ് കൈകാര്യം ചെയ്യുന്ന കുട്ടികള്‍ എഴുതിയതിനെ പരിഹസിക്കുമ്പോള്‍ ഓര്‍ക്കുക, ചില പ്രത്യേക വൈകാരിക പരിസരത്ത് ശ്രീചിത്രന് മോഷ്ടിച്ച കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച നെറികേടൊന്നും ആ കുട്ടികള്‍ ചെയ്തിട്ടില്ല. കവിത മോഷണ വിവാദം നടന്ന് ആഴ്ച രണ്ടു തികയും മുന്‍പേ കവിത രചന മത്സരത്തിന് വിധിയെഴുതാന്‍ പോയ ചാണക എത്തിക്സ് പേറുന്ന നിങ്ങള്‍ രമ്യ ഹരിദാസിനോ, കോണ്‍ഗ്രസിനോ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉണ്ടാക്കി നല്കാന് നിക്കണ്ട.
ഇനി 27 ദിനങ്ങളുണ്ട്. കയ്യേറി കയ്യേറി യൂഡിഎഫും കോണ്‍ഗ്രസും ഈ കേരളം കീഴടക്കും അപ്പോഴും ഇത് പോലെ നിലവാരമില്ലാത്ത വാക്കുകളും കോറിയിട്ടു വൈകാരിക പരിസരത്തില്‍ ഗോക്കളെ മേച്ചു കടന്നു വരണേ !