മുംബൈ: അടുത്തവർഷം അമേരിക്കയിൽ സാന്പത്തികമാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കയിലും ഏഷ്യയിലും ഓഹരികളെ വലിച്ചുതാഴ്ത്തി. യൂറോപ്പും കിതച്ചു. സ്വർണവില കയറി. ക്രൂഡ്ഓയിൽ വില താണശേഷം കയറി. റേറ്റിംഗ് ഏജൻസികൾ വളർച്ചപ്രതീക്ഷ താഴ്ത്തി.
അമേരിക്കയിലെ കടപത്രവിലയിലെ മാറ്റമാണ് ആശങ്ക വളർത്തിയത്. കടപത്രങ്ങൾക്കു വില കൂടുന്പോൾ അതിൽനിന്നുള്ള ആദായം കുറയുന്നു. വെള്ളിയാഴ്ച അമേരിക്കയിലെ ദീർഘകാല കടപത്രങ്ങളുടെ ആദായം മൂന്നുമാസ കടപത്രങ്ങളുടേതിലും കുറവായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള എല്ലാ മാന്ദ്യത്തിനും മാസങ്ങൾ മുന്പ് ഇങ്ങനെ സംഭവിച്ചിരുന്നു.
ഇന്നലെ കൂടുതൽ വികസിത രാജ്യങ്ങളിലും കടപത്രങ്ങൾക്കു വില കൂടി, ആദായം കുറഞ്ഞു. വെള്ളിയാഴ്ച രണ്ടുശതമാനത്തോളം താണ യുഎസ് ഓഹരിസൂചികകൾ ഇന്നലെയും താഴോട്ടായിരുന്നു.
ഇന്ത്യൻ ഓഹരിസൂചികകൾ ഇന്നലെ താഴോട്ടു നീങ്ങി. സെൻസെക്സ് രണ്ടു ദിവസംകൊണ്ട് 575 നഷ്ടപ്പെടുത്തി.രൂപ ഇന്നലെ താഴോട്ടുപോയെങ്കിലും ഒടുവിൽ പിടിച്ചുനിന്നു. ഡോളറിന് 68.96 രൂപയാണു ക്ലോസിംഗ് നിരക്ക്.
ചൈനീസ് ഓഹരിസൂചിക ഷാങ്ഹായ് കോംപസിറ്റ് രണ്ടുശതമാനം താണപ്പോൾ ജപ്പാന്റെ നിക്കൈ മൂന്നു ശതമാനം ഇടിഞ്ഞു.സ്വർണവില ഔൺസിന് 1319 ഡോളറിലേക്കു കയറി. ക്രൂഡ്ഓയിൽ വില കൂടി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 67.07 ഡോളറായി.