കോട്ടയം: ഈ വർഷം എൽ നിനോ പ്രതിഭാസം ശക്തമാകും; അത് ഇന്ത്യയിലെ കാലവർഷ മഴയെ ബാധിക്കും.അമേരിക്കൻ കാലാസ്ഥാ ഏജൻസികളും ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമെറ്റും ഇതു സ്ഥിരീകരിച്ചു.
പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയോടു ചേർന്ന ഭാഗത്ത് സമുദ്രജലത്തിന്റെ ഊഷ്മാവ് പതിവിലും കൂടുതലാകുന്ന പ്രവണതയാണ് എൽ നിനോ പ്രതിഭാസം. ക്രിസ്മസ് കാലത്ത് തുടങ്ങുന്നതിനാൽ ഉണ്ണിയേശുവിനെ സ്മരിച്ചുകൊണ്ടാണ് ഉണ്ണി എന്നർഥംവരുന്ന എൽ നിനോ പ്രയോഗിക്കുന്നത്.
എൽ നിനോ സാമാന്യം ശക്തമായാൽ ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ മഴ കുറയുകയും വരൾച്ച കൂടുകയും ചെയ്യും എന്നതാണ് അനുഭവം. എന്നാൽ, എല്ലാ എൽ നിനോ വർഷങ്ങളിലും കാലവർഷ മഴ കുറയണമെന്നില്ല.
എൽ നിനോ ശക്തമാകാൻ 80 ശതമാനം സാധ്യതയാണു വിവിധ ഏജൻസികൾ പറയുന്നത്. എൽ നിനോ ഇപ്പോൾ രൂപപ്പെട്ടുവരുന്നതേയുള്ളൂ. കാലവർഷത്തിനു തൊട്ടടുത്ത് എൽ നിനോ രൂപപ്പെട്ടുവരുന്ന വർഷങ്ങളിൽ കാലവർഷമഴ ഗണ്യമായി കുറയുന്നതാണ് അനുഭവം. എൽ നിനോ അവസാനിക്കുന്ന ഘട്ടത്തിലാണ് കാലവർഷമെങ്കിൽ മഴ കുറയാറില്ല.
ഓസ്ട്രേലിയയ്ക്കും ഇന്തോനേഷ്യക്കും സമീപം പസഫിക് സമുദ്രം കൂടുതൽ ചൂടാകുന്പോൾ ഇന്ത്യാ സമുദ്രത്തിലേക്കും ഇന്ത്യയുടെ കരഭൂമിയിലേക്കുമുള്ള വാണിജ്യക്കാറ്റുകൾ കുറയും. വാണിജ്യക്കാറ്റുകൾക്കൊപ്പമാണു മഴമേഘങ്ങൾ ഇന്ത്യയിലെത്തുന്നത്. വാണിജ്യക്കാറ്റിന്റെ ഗതി മാറുന്നതോടെ മഴ പെയ്യിക്കുന്ന ന്യൂനമർദമേഖല രൂപപ്പെടുന്നതിനു സാധ്യത കുറയും.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ മഹാപ്രളയം വന്നതിനു ശേഷം കേരളത്തിൽ മഴ വളരെ കുറവായിരുന്നു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലത്ത് 37.62 സെന്റിമീറ്റർ മഴ പെയ്യേണ്ടിയിരുന്ന സ്ഥാനത്ത് ലഭിച്ചത് 15.03 സെന്റിമീറ്റർ മാത്രം. 60 ശതമാനമാണ് മഴക്കുറവ്. വടക്കുകിഴക്കൻ മൺസൂണും ശീതകാല മഴയുമൊക്കെ കുറഞ്ഞുപോയി. വേനൽമഴ മാർച്ച് 20 വരെ 38 ശതമാനം കുറവാണ്.
ഇതിനു പിന്നാലെ കാലവർഷംകൂടി കുറവാകുന്നതു കേരളത്തിലും രാജ്യത്താകെയും കാർഷികമേഖലയെ ബാധിക്കും.