തിരുവനന്തപുരം: ബാർട്ടണ്‍ ഹില്ലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതിയ്ക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ബാർട്ടണ്‍ ഹിൽ സ്വദേശി അനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട അനിൽ കുമാറിന്റെ ശരീരത്തിൽ നാലോളം വെട്ടുകൾ ഏറ്റിരുന്നു.
ഒന്നിലേറെ പേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായി പോലീസ് കരുതുന്നു. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുഖ്യപ്രതി ജീവൻ ഉൾപ്പെട്ട സംഘം അനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഞായറാഴ്ച രാത്രിയിൽ ബാർട്ടണ്‍ ഹിൽ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിലിരിക്കുകയായിരുന്ന അനിൽകുമാറിനെ ജീവൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ അനിലിനെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ അനിൽകുമാർ ജീവന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അനിൽകുമാറിന്റെയും ജീവന്റെയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.