റെജി കലവൂർ
ആലപ്പുഴ: വേനൽചൂടിനെ വെല്ലാൻ എരിവും പുളിയുമായി കാന്താരിമോര് യാത്രക്കാരെ ആകർഷിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ ഉത്തമപാനീയമെന്ന് ആരോഗ്യവിദഗ്ധർ പോലും ശുപാർശ ചെയ്യുന്ന മോരിന് എരിവു ചേർക്കുന്ന പരന്പരാഗതശൈലി പിന്തുടർന്നാണ് കാന്താരിമോര് എത്തിയിട്ടുള്ളത്. ആലപ്പുഴ കോണ്വെന്റ് സ്ക്വയറിനു പടിഞ്ഞാറുവശത്തെ കാന്താരിമോരു കടയിൽ ഇപ്പോൾ ആളുകളുടെ തിരക്കാണ്.
കാന്താരിമുളക് ചതച്ചുചേർത്ത മോരിൽ ഐസും ചേർത്ത് ചെറു കൂജകളിലാണ് തണുത്ത മോര് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഒരു കൂജ കാന്താരിമോരിന് 20 രൂപയാണ് വില. പുളിയും എരിവും ചേർന്ന് വേറിട്ട സ്വാദു നൽകുന്ന കാന്താരിമോരിന് പ്രിയമേറുകയാണ്. എരിവിന്റെ കാഠിന്യം അനുസരിച്ച് സ്ട്രോംഗ്, മീഡിയം എന്നിങ്ങനെ മോര് ലഭിക്കും. രാവിലെ 11 മണിയോടെ ആരംഭിക്കുന്ന മോരുവിൽപന വൈകുന്നേരം വെയിൽ താഴുന്നതു വരെ തുടരും.
“കൊളസ്ട്രോൾ ഉൾപ്പടെ അസുഖങ്ങളെ അകറ്റി നിർത്താം….ഗ്യാരണ്ടി “ – പറയുന്നത് മോരു വിൽപനക്കാരൻ ഷെയ്ൻ. കഴിഞ്ഞ പത്തു വർഷത്തിലധികമായി ആലപ്പുഴ സ്വദേശി ഷെയ്ൻ ഈ കാന്താരിമോരുമായി രംഗത്തുണ്ട്. മുന്പ് പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ഷെയ്ൻ വയനാട്ടിൽ നിന്നുമാണ് കാന്താരി എത്തിക്കുന്നത്. ദിനംപ്രതി ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർജലീകരണത്തിനു സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ ഈ പാനീയം ഏറെ ആശ്വാസം നൽകുന്നുണ്ട്.
ദാഹത്തോടൊപ്പം അൽപം വിശപ്പും മാറ്റാൻ കാന്താരിമോര് സഹായിക്കുന്നെണ്ടെന്ന് കുടിക്കാൻ എത്തുന്നവരും പറയുന്നു. പ്രായഭേദമെന്യേ എല്ലാത്തരം ആൾക്കാരും മോരു കുടിക്കാൻ എത്തുന്നുണ്ട്. വെറും വെള്ളത്തേക്കാളും മോരിനുള്ള ഗുണം ഏറെയാണെന്നത് ഇതിനുള്ള പ്രിയം വർധിപ്പിക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്. മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
മറ്റേതൊരു പാനീയത്തെക്കാളും മികച്ചതു മോര് കുടിക്കുന്നതുതന്നെയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദഹനം സുഗമമാക്കാനും മോര് സഹായകമാണ്. സദ്യയ്ക്ക് മോര് വിളന്പുന്നതും ഈ ഉദ്ദേശത്തോടെയാണ്. കാന്താരിയും ഒൗഷധ സന്പുഷ്ടമായ ഒന്നാണ്. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതാണ്.
കൊളസ്ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. കാന്താരിമോരിനു കൂട്ടായി ഉപ്പിലിട്ട കാന്താരി, മാങ്ങ, കാരയ്ക്ക, കാരറ്റ്, പൈനാപ്പിൾ, മാന്പഴം തുടങ്ങിയവയും വിൽപനയ്ക്കുണ്ട്.
ഏതായാലും അനാരോഗ്യം ക്ഷണിച്ചു വരുത്തുന്ന നിറം കലർത്തിയ പാനീയങ്ങൾക്കു പകരം പ്രകൃതിദത്തമായ ഇത്തരം പാനീയങ്ങളും പഴവർഗ്ഗങ്ങളും കൊണ്ട് വേനൽചൂടിനെ പ്രതിരോധിക്കുന്നതു തന്നെയാണ്് ആരോഗ്യത്തിന് ഉത്തമമെന്നതിൽ തർക്കമില്ല.