കടുത്തുരുത്തി: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. വിവിധ പഞ്ചായത്ത് മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനം പ്രതിസന്ധിയിൽ. ദിവസം ചെല്ലുന്തോറും ചൂടിന്റെ ശക്തി വർദ്ധിച്ചു വരുന്നതിനാൽ കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വർദ്ധിക്കുകയാണ്. കൈത്തോടുകളും കുളങ്ങളും ജലാശയങ്ങളുമെല്ലാം വറ്റി വരണ്ട നിലയിലാണ്.
പ്രധാന തോടുകളിലെല്ലാം പല സ്ഥലത്തും വെള്ളം വറ്റി അടിത്തട്ട് തെളിഞ്ഞ് കണാവുന്ന അവസ്ഥയാണ്. ജലക്ഷാമം രൂക്ഷമായതോടെ മാസങ്ങളായി പല സ്ഥലങ്ങളിലും ആളുകൾ പണം നൽകിയാണ് വെള്ളം വാങ്ങുന്നത്. ഇത്തരത്തിൽ വാങ്ങുന്ന വെള്ളം കിണറുകളിലേക്ക് അടിക്കുകയാണെങ്കിലും കൊടും ചൂടിൽ രണ്ട് ദിവസത്തിൽ കൂടുതൽ കിണറുകളിൽ വെള്ളം നിൽക്കുന്നില്ല.
കടുത്തുരുത്തി പഞ്ചായത്തിലെ കൊടിക്കുത്തി, മൈലാടുംപാറ, തിരുവന്പാടി, വെള്ളാശ്ശേരി, മുളക്കുളം പഞ്ചായത്തിലെ കീഴൂർ, ജാതിക്കാമല, അറുനൂറ്റിമംഗലം, കുന്നപ്പിള്ളി, ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ, കാട്ടാന്പാക്ക്, കൂവേലി, തുരുത്തിപ്പള്ളി, മാഞ്ഞൂർ പഞ്ചായത്തിലെ കാഞ്ഞിരത്താനം, കളത്തൂർ, സ്ലീവാപുരം, ചാമക്കാല, മാൻവെട്ടം തുടങ്ങീയ സ്ഥലങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്.
വെളളമില്ലാതെ ജനം നട്ടം തിരിയുന്പോഴും വാട്ടർ അഥോറിറ്റിയുടെ പൈപ്പുകളിൽ നിന്നു വെള്ളം കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതേസമയം ചില സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടിയൊഴുകി രാപകൽ വ്യത്യാസമില്ലാതെ വെള്ളം നഷ്ടപ്പെടുന്നുമുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പലർക്കും കിണറുകൾ ഉണ്ടെങ്കിലും പാടത്തിന് സമീപമായതിനാൽ കിണറ്റിലെ വെള്ളത്തിന് പുളിപ്പാണ്. കൂടാതെ ആളുകൾ തിങ്ങിപാർക്കുന്നതിനാൽ കക്കൂസുകളുടെ എണ്ണവും കൂടുതലാണ്.
ഇക്കാരണത്താൽ തന്നെ കിണറുകളിലെ വെള്ളം കുടിക്കാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാടത്ത് പണികൾ നടക്കുന്ന സമയത്ത് കിണറുകളിലെ വെള്ളം കലങ്ങുകയും ഉന്ത് നിറയുകയും ചെയ്യും. അതോടെ വസ്ത്രം അലക്കാനും പാത്രങ്ങൾ കഴുകാൻ പോലും കിണറ്റിലെ വെള്ളമെടുക്കാൻ കഴിയില്ലെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിലെ ആളുകൾ പറയുന്നു.
മുണ്ടാർ ഉൾപെടെയുള്ള പല തുരുത്തുകളിലും ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കുന്നതിന് ഒരുതുള്ളി ശുദ്ധജലം പോലും ലഭിക്കാത്ത സ്ഥിതിയാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ജനം കുടിവെള്ളം ശേഖരിക്കുന്നത്. മുണ്ടാർ ഉൾപെടെയുളള പ്രദേശങ്ങളിൽ വെള്ളം കിട്ടാതെ ജനം വലയുകയാണ്. വള്ളത്തിൽ പോയും കിലോമീറ്ററുകൾ നടന്നുമാണ് ഇവിടെയുളളവർ വെള്ളം ശേഖരിക്കുന്നത്.
പലയിടങ്ങളിലും കിണറുകളിൽ തൊട്ടി മുങ്ങാനുള്ള വെള്ളം പോലുമില്ല. ഇതു മൂലം മോട്ടോർ പ്രവർത്തിക്കുവാനും നിർവാഹമില്ല. രാവിലത്തെ ആവശ്യങ്ങൾക്കായി വെള്ളം കോരിക്കഴിയുന്നതോടെ കിണറിന്റെ കൊട്ടക്കുഴിയിൽ പോലും ഒരു തുള്ളി വെള്ളം കാണില്ലെന്നു വീട്ടമ്മമാർ പറയുന്നു. കുന്നുകളിടിച്ചുള്ള മണ്ണെടുപ്പും നീർത്തടങ്ങളും പാടശേഖരങ്ങളും വ്യാപകമായി നികത്തിയതുമാണ് ജലക്ഷാമം ഇത്രയും രൂക്ഷമാകാനിടയാക്കിയത്.