മൂവാറ്റുപുഴ: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കുന്പംകല്ല് സ്വദേശി ആഷിഖ് (23) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
കെഎസ്എഫ്ഇ മൂവാറ്റുപുഴ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്നു മനസിലായത്.
ബാങ്കിൽ കൊടുത്തിരുന്ന ആധാർ കാർഡും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് കെഎസ്എഫ്ഇ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.