ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ വളർച്ചക്കണക്കുകൾ വിശ്വസനീയമല്ലെന്നു മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ. കാര്യമായി തൊഴിൽ വർധിക്കാത്തപ്പോൾ ഏഴു ശതമാനം സാന്പത്തിക (ജിഡിപി) വളർച്ച എന്നതു വിശ്വസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പുറത്തുവിടുന്ന കണക്കുകൾ മൊത്തം തിരുത്തേണ്ടതുണ്ട്. പുതിയ ജിഡിപി നിർണയരീതിയും അതു വച്ച് മുൻകാല കണക്കുകൾ തിരുത്തിയതും അതുവഴി വളർച്ചക്കണക്കുകളിൽ വലിയ മാറ്റം വന്നതും പരക്കെ സംശയം ജനിപ്പിച്ചിട്ടുണ്ട്. കണക്കുകൾ മൊത്തം ശുദ്ധീകരിക്കണം.
എങ്കിലേ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിടുന്ന കണക്കുകൾ വിശ്വസനീയമാകൂ. 2018-ൽ പഴയകണക്കുകൾ പരിഷ്കരിച്ചപ്പോൾ യുപിഎ കാലത്തെ വളർച്ച താഴോട്ടു പോയതും എൻഡിഎ കാലത്തെ വളർച്ച കുതിച്ചു കയറിയതും പരക്കെ വിമർശനവിധേയമായിരുന്നു.
പ്രഗല്ഭരായ ധനശാസ്ത്രജ്ഞർ കണക്കു തിരുത്തലിനെ വിമർശിച്ചു രംഗത്തുവരുകയും ചെയ്തു. ഒരു നിഷ്പക്ഷസമിതിയെ വച്ചു ജിഡിപി കണക്കുകൾ പരിശോധിപ്പിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.