കോട്ടയം: തിരുനക്കര മൈതാനത്ത് ആൾക്കൂട്ടത്തിനിടയിൽ കത്തിക്കുത്തേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. വണ്ണപ്പുറം സ്വദേശിനി രാജമ്മ (45), ഇടുക്കി വാളറ സ്വദേശി ജയിംസ് (48) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒരുമിച്ച് താമസിച്ചു വരികയാണെന്നും ആക്രി പെറുക്കുകാരാണെന്നും വെസ്റ്റ് പോലീസ് പറഞ്ഞു.
വാക്കുതർക്കത്തിനിടയിലാണ് കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജോജോ എന്നയാൾക്ക് കുത്തേറ്റത്. തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി ഏഴിനു തിരുനക്കര മൈതാനത്താണ് സംഭവം.
മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുനക്കര മൈതാനിയിൽ വിനോദ മേള നടക്കുകയാണ്. വിനോദമേള നടക്കുന്ന സ്ഥലത്തെത്തിയ ജോജോയും സുഹൃത്തുക്കളും ചേർന്നു തർക്കമുണ്ടായിരുന്നു. ഇതേതുടർന്നാണു ഇയാൾക്കു കുത്തേറ്റതെന്നു പറയുന്നു.
സംഭവം നടക്കുന്പോൾ നിരവധി പേർ തിരുനക്കര മൈതാനത്തും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്നു. അബോധാവസ്ഥയിലായ ജോജോയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ കുത്തേറ്റതിന്റെ യഥാർഥ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.