പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് നാളെ വിജ്ഞാപനം പുറപ്പെടുവിക്കും. നാളെ മുതൽ ഏപ്രിൽ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ അഞ്ചിന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുളള അവസാന തീയതി ഏപ്രിൽ എട്ട്. നാളെ രാവിലെ എല്ലാ റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും ഓഫീസുകളിൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും.
എല്ലാ ദിവസവും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള പൊതുഅവധി ദിവസങ്ങളിൽ നാലാം ശനി ഉൾപ്പെടെ നാമനിർദേശപത്രിക സ്വീകരിക്കില്ല. നാമനിർദേശപത്രികയ്ക്കൊപ്പം പുതുക്കിയ ഫോർമാറ്റിൽ സത്യവാങ്മൂലം സമർപ്പിക്കണം. ദേശീയ, അംഗീകൃത പാർട്ടികളുടെ സ്ഥാനാർഥിയെ മണ്ഡലത്തിലെ ഒരു വോട്ടർ പിന്താങ്ങിയിരിക്കണം.
സ്വതന്ത്രരെ 10 വോട്ടർമാർ പിന്തുണയ്ക്കേണ്ടതുണ്ട്. ഓരോ സ്ഥാനാർഥികളും അവരുടെ ക്രമിനിൽ കേസ്, ആസ്തി, ബാധ്യത എന്നിവ സംബന്ധിച്ച് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെയോ നോട്ടറി അല്ലെങ്കിൽ കമ്മീഷണർ ഓഫ് ഓത് മുന്‍പാകെയോ സത്യപ്രതിജ്ഞ ചെയ്യണം. സ്ഥാനാർഥികൾ അവരുടെ തീർപ്പാകാത്ത കേസുകളും ശിക്ഷിക്കപ്പെട്ട കേസുകളും സംബന്ധിച്ച് മണ്ഡലത്തിൽ പ്രചാരമുള്ള പത്രത്തിൽ പരസ്യം നൽകണം.
നാമനിർദേശപത്രിക പിൻവലിക്കേണ്ട തീയതിക്ക് തൊട്ടടുത്ത ദിവസം മുതൽ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പുവരെയുള്ള വ്യത്യസ്ത തീയതികളിലായിരിക്കണം പരസ്യം നൽകേണ്ടത്. ഇതേ വിവരം മൂന്ന് തവണ ടിവി ചാനലുകളിലും പ്രസിദ്ധീകരിക്കണം. തങ്ങളുടെ കേസുകളെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയെ അറിയിച്ചിട്ടുള്ള കാര്യവും മത്സരിക്കുന്നവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.
ജനറൽ വിഭാഗത്തിലുള്ള സ്ഥാനാർഥികൾ 25,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. എസ്സി, എസ്റ്റി വിഭാഗത്തിലുള്ളവർ 12,500 രൂപ കെട്ടിവയ്ക്കണം. ഇവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാമനിർദേശപത്രിക സമർപ്പിക്കാനെത്തുന്പോൾ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് പരിധിയിൽ 100 മീറ്ററിനുള്ളിൽ മൂന്ന് വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർ മാത്രമേ റിട്ടേണിംഗ് ഓഫീസറുടെ മുറിയിൽ പ്രവേശിക്കാവൂ. സ്ഥാനാർഥി അല്ലെങ്കിൽ നിർദേശകൻ ആയിരിക്കണം നാമനിർദേശപത്രിക നൽകേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുവാൻ പാടുള്ളതല്ല.
നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുന്‍പെങ്കിലും ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. ദേശസാൽകൃത ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഈ അക്കൗണ്ടിന്റെ വിവരങ്ങൾ നാമനിർദേശപത്രിക നൽകുന്ന സമയത്ത് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.