ഒൗറംഗബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോണ്ഗ്രസ് എംഎൽഎ പാർട്ടി ഓഫീസിൽനിന്നു കസേരകൾ എടുത്തുകൊണ്ടുപോയി. സെൻട്രൽ മഹാരാഷ്ട്രയിലെ പ്രാദേശിക പാർട്ടി ഓഫീസിൽനിന്നാണ് കോണ്ഗ്രസ് എംഎൽഎ അബ്ദുൾ സത്താർ 300 കസേരകൾ എടുത്തുകൊണ്ടുപോയത്.
ഷാഗഞ്ചിലെ ഗാന്ധി ഭവനിൽ സഖ്യകക്ഷിയായ എൻസിപിയുമായി ചേർന്ന് കോണ്ഗ്രസ് സംയുക്ത യോഗം വിളിച്ചിരുന്നു. ഇതിനു തൊട്ടുമുന്പ് സത്താർ കസേരകളുമായി മുങ്ങുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു കൈയേറ്റം. ഈ കസേരകൾ തന്റെ സ്വന്തമാണെന്നും താൻ പാർട്ടി വിടുകയാണെന്നും അബ്ദുൾ സത്താർ പറഞ്ഞു. ഇതേതുടർന്ന് എൻസിപി ഓഫീസിലാണ് സംയുക്ത യോഗം നടത്തിയത്.
ജില്ലയിലെ പ്രമുഖ കോണ്ഗ്രസ് നേതാവായ സത്താർ, ഇക്കുറി ഒൗറംഗബാദ് ലോക്സഭാ സീറ്റിനായി പരിശ്രമിച്ചിരുന്നു. എന്നാൽ എംഎൽസിയായ സുഭാഷ് ഷംബാദിനാണ് കോണ്ഗ്രസ് സീറ്റുനൽകിയത്.
ഇതിൽ സത്താർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പാർട്ടി ഓഫീസിൽ എൻസിപിയുമായി ചേർന്ന് യോഗം കൂടി വിളിച്ചുകൂട്ടുക കൂടി ചെയ്തതോടെ സത്താർ കടുംകൈയിലേക്കു കടക്കുകയായിരുന്നു.