ചേർത്തല: നഗരത്തിന്റെ പലഭാഗങ്ങളിലും കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ലഹരിമരുന്ന് വിൽപന വ്യാപകമാകുന്നു. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും പെട്ടിക്കടകൾ കേന്ദ്രീകരിച്ചും ചിലർ സ്വയം വാഹകരായും നടന്ന് ലഹരി വിൽപന പൊടിപൊടിക്കുന്പോൾ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ലെന്ന് പരാതി ഉയരുന്നു.
ചേർത്തല വടക്കേ അങ്ങാടിയുടെ പരിസരം, താലൂക്ക് ആശുപത്രി, സെന്റ് മേരീസ് പാലം, സ്വകാര്യ ബസ്റ്റാന്റ് പരിസരത്തുള്ള കൊപ്രാക്കളം, എന്നിവ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപന നടക്കുന്നെന്നാണ് സൂചന. കഴിഞ്ഞ മൂന്നുമാസങ്ങളിലായി വിവിധയിടങ്ങളിൽ നിന്നായി എക്സൈസും പോലീസും കഞ്ചാവ് പിടികൂടിയെങ്കിലും ഇപ്പോഴും കഞ്ചാവ് ലോബികൾ സജീവമാണ്.
എറണാകുളം, ആലുവ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ജില്ലയുടെ വടക്കേ അതിർത്തിയായ അരൂർ വഴിയാണ് മയക്കുമരുന്ന് ഉൽപന്നങ്ങൾ എത്തുന്നത്. കൂടാതെ ട്രെയിൻ മാർഗവും വൻ തോതിൽ കഞ്ചാവും മയക്കുമരുന്നുകളും സിറിഞ്ചുകളും ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ആലപ്പുഴ, അരൂർ, എഴുപുന്ന, തുറവൂർ മേഖലകളിൽ നിന്ന് നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു.
മയക്കുമരുന്ന് വിതരണ രംഗത്തേക്ക് കടന്നുവരുന്നതിലേറെയും മയക്കുമരുന്ന് ഉപയോക്താക്കളാണ്. 20 രൂപയിൽ താഴെയുള്ള ബ്രൂഫിനോർഫിൻ 500 രൂപയ്ക്കാണ് വിൽക്കുന്നത്. പൂനെ, നാഗർകോവിൽ, ബംഗളുരൂ എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് കൂടുതലും എത്തുന്നതെന്നാണ് വിവരം. ബ്രൂഫിനോർഫിൻ, ഡയസ്പാം ഇനങ്ങളിൽപ്പെട്ട മരുന്നുകളാണ് വ്യാപകമായി വിതരണം ചെയ്യുന്നത്.
കേന്ദ്രസർക്കാർ നിരോധിച്ച ഈ മരുന്നുകൾ നർകോട്ടിക് ലൈസൻസ് ഉള്ളവർക്കേ സൂക്ഷിക്കാനാകൂ. എങ്കിലും പല മെഡിക്കൽ സ്റ്റോറുകളിലും ഇവ ലഭ്യമാണ്. പുതിയ തലമുറയ്ക്ക് മദ്യത്തിനേക്കാൾ പ്രിയം കഞ്ചാവിനോടാണെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. കഞ്ചാവ് തലക്ക് പിടിച്ച് ലക്കുകെട്ട് വണ്ടിയോടിച്ചാലും പിടികൂടാനുള്ള സംവിധാനം പോലീസ് സേനയ്ക്ക് ഇല്ലാത്തതാണ് പ്രധാന കാരണം.
മദ്യം കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുപയോഗിക്കുന്ന ബ്രീത്ത് അനലൈസറിൽ കഞ്ചാവിന്റെ ലഹരി അളക്കുവാനുള്ള സൗകര്യമില്ല. ഇതാണ് വിദ്യാർത്ഥികളെ കഞ്ചാവിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. മട്ടാഞ്ചേരി,അരൂർ,വടുതല,ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തുന്ന യുവാക്കൾ മുഖേനയാണ് പ്രദേശത്ത് കഞ്ചാവും മയക്കുമരുന്നും എത്തുന്നതെന്നാണ് വിവരം.
പോലീസിന്റെ വലയിൽ ചിലർ വീഴാറുണ്ടെങ്കിലും ഇവരെ ശിക്ഷിക്കാൻ തക്ക അളവിൽ കഞ്ചാവോ മതിയായ തെളിവുകളോ ലഭിക്കാത്തതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയാണ് പതിവ്. പിടിക്കപ്പെടുന്നവരിലധികവും യുവാക്കളും വിദ്യാർത്ഥികളുമാണ്.
മയക്കുമരുന്ന്കഞ്ചാവ് മാഫിയകൾക്കെതിരെ പ്രതികരിക്കുന്നവരെ അക്രമിക്കുന്നതും പതിവാണ്. പോലീസും ജാഗ്രതാ സമിതികളുമൊക്കെ ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല. നേരം ഇരുട്ടിയാൽ ചേർത്തല നഗരത്തിലെ ഇടറോഡുകളും ആളോഴിഞ്ഞ സ്ഥലങ്ങളും മയക്കുമരുന്നുമാഫിയകളുടെ വിഹാര കേന്ദ്രമാണ്.