ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുൾപ്പെടെയുള്ള വലിയ സാന്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ചചെയ്തശേഷമാണ് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തതെന്ന് രാഹുൽ ഗാന്ധി. ജയ്പുരിൽ കോണ്ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നല്ല ആശയമായിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. എന്നാൽ, ഞങ്ങളുടെ പ്രഖ്യാപനം യാഥാർഥ്യമാകുന്നതിന് ആറുമാസം മുന്പുതന്നെ അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗങ്ങൾ നടത്താതെയും ആരോടും പറയാതെയും ലോകത്തെതന്നെ വലിയ സാന്പത്തിക വിദഗ്ധരായ രഘുറാം രാജൻ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിക്കുകയാണ് പാർട്ടി ചെയ്തത്’’ -രാഹുൽ പറഞ്ഞു.
ന്യായ് (ന്യൂന്തന ആയ് യോജന) പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി യുടെ പ്രഖ്യാപനം. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. ഒരുവർഷം ശരാശരി 72,000 രൂപ വരെ രാജ്യത്തെ ഏറ്റവും ദരിദ്രമായ അഞ്ചുകോടി കുടുംബങ്ങൾക്കു നല്കും.
വളർച്ചക്കണക്കുകൾ വിശ്വസനീയമല്ല
എൻഡിഎ സർക്കാരിന്റെ വളർച്ചക്കണക്കുകൾ വിശ്വസനീയമല്ലെന്നു മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ. കാര്യമായി തൊഴിൽ വർധിക്കാത്തപ്പോൾ ഏഴു ശതമാനം സാന്പത്തിക (ജിഡിപി) വളർച്ച എന്നതു വിശ്വസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പുറത്തുവിടുന്ന കണക്കുകൾ മൊത്തം തിരുത്തേണ്ടതുണ്ട്. പുതിയ ജിഡിപി നിർണയരീതിയും അതു വച്ച് മുൻകാല കണക്കുകൾ തിരുത്തിയതും അതുവഴി വളർച്ചക്കണക്കുകളിൽ വലിയ മാറ്റം വന്നതും പരക്കെ സംശയം ജനിപ്പിച്ചിട്ടുണ്ട്. കണക്കുകൾ മൊത്തം ശുദ്ധീകരിക്കണം. എങ്കിലേ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിടുന്ന കണക്കുകൾ വിശ്വസനീയമാകൂ.
2018-ൽ പഴയകണക്കുകൾ പരിഷ്കരിച്ചപ്പോൾ യുപിഎ കാലത്തെ വളർച്ച താഴോട്ടു പോയതും എൻഡിഎ കാലത്തെ വളർച്ച കുതിച്ചു കയറിയതും പരക്കെ വിമർശനവിധേയമായിരുന്നു. പ്രഗല്ഭരായ ധനശാസ്ത്രജ്ഞർ കണക്കു തിരുത്തലിനെ വിമർശിച്ചു രംഗത്തുവരുകയും ചെയ്തു. ഒരു നിഷ്പക്ഷസമിതിയെ വച്ചു ജിഡിപി കണക്കുകൾ പരിശോധിപ്പിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
രാജീവ് കുമാറിനോട് വിശദീകരണം തേടി
ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് ജയിക്കാനായി കോണ്ഗ്രസ് ഇങ്ങനെ എന്തും പറയുമെന്നും ഒന്നും ചെയ്യില്ലെന്നും രാജീവ് കുമാർ പറഞ്ഞിരുന്നു. എന്നാൽ പൊതുപദവി വഹിക്കുന്ന രാജീവ് കുമാർ ഇത്തരത്തിൽ പറയുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
രണ്ടു ദിവസത്തിനകം വിശദീകരണം നൽകണം. രാജീവ് കുമാറിന്റെ പ്രസ്താവന ബിജെപിയെ സഹായിക്കലാണ് എന്ന വിമർശനമുയർന്നു. മിനിമം വരുമാനം ഉറപ്പു നൽകുന്ന പദ്ധതി ധനകാര്യ അച്ചടക്കം ഇല്ലാതാക്കുമെന്നായിരുന്നു രാജീവ്കുമാറിന്റെ പരാമർശം. ജിഡിപിയുടെ രണ്ടുശതമാനവും ബജറ്റിന്റെ 13 ശതമാനവും വരുന്ന തുക ഇതിനു മുടക്കിയാൽ കമ്മി കുത്തനേ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.