ആഢംബരത്തിന്റെ പര്യായമായ വിവാഹമായിരുന്നു, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റേത്. മൂന്ന് ദിവസം നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്കുശേഷം മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹം. ബ്ലൂ റോസി ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്.
വിവാഹം ഭംഗിയായി അവസാനിച്ചപ്പോഴും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അംബാനി കല്യാണം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മരുമകള്‍ക്കു നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. നിത സമ്മാനമായി നല്‍കിയത് വജ്ര നെക്ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നും ‘വുമണ്‍സ് ഈറ’ മാഗസിനാണു റിപ്പോര്‍ട്ട് ചെയ്തത്.
പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്ലേസ് കുടംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി. എന്നാല്‍ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു. വജ്രം കൊണ്ടുള്ള നെക്ലേസ് നിര്‍മിക്കാന്‍ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്.
ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് മൗവാഡി നെക്ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകാശിന്റെ സഹോദരി ഇഷ ആഡംബര ബംഗ്ലാവാണ് നവദമ്പതികള്‍ക്കു സമ്മാനിച്ചത്.