വൈപ്പിൻ: ഉയർന്ന പലിശ വാഗ്ദാനം ചെയത് നാട്ടുകാരിൽനിന്നു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനു ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത നായരന്പലം ദി ട്രേഡിംഗ് ആന്റ് ചിട്ടി ഫണ്ട്സ് എംഡി നായരന്പലം കാട്ടിപ്പറന്പിൽ ജോഷി-57യെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്ഡ് ചെയ്തു.
നിലവിൽ വഞ്ചനാകുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും അനധികൃത പണമിടപാട് നടത്തിയതിനും കേസെടുത്തേക്കുമെന്ന് ഞാറക്കൽ എസ്ഐ സംഗീത് ജോബ് അറിയിച്ചു. 89 വർഷമായി പ്രവർത്തിച്ചു വരുന്ന ഈ സ്വകാര്യപണമിടപാട് സ്ഥാപനം ഒരു ട്രസ്റ്റ് എന്നതിലുപരി നിക്ഷേപം സ്വീകരിക്കാനോ, വായ്പ നൽകാനോ സർക്കാരിൽ നിന്നുള്ള ഒരു ലൈസൻസും ഇല്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ലഭ്യമായ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂട്ടത്തിൽ തട്ടിപ്പ് സംബന്ധിച്ച രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എംഡിയെക്കൂടാതെ കന്പനിയുടെ ബാക്കി നാല് ഡയറക്ടർമാരും വഞ്ചനാക്കേസിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്.
89 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന ഈ സ്ഥാപനം സ്വർണപ്പണയം, കുറി, ചിട്ടി, തുടങ്ങിയ മറ്റ് സാന്പത്തിക ഇടപാടുകളും നടത്തുന്നുണ്ട്. കന്പനിയുടെ പ്രോമിസറിനോട്ട് നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്.13.5 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് കന്പനി നിക്ഷേപകരെ ആകർഷിച്ചത്.നിക്ഷേപിച്ചവർ ഭൂരിഭാഗവും ഗവ. സർവീസിൽനിന്നു വിരമിച്ചവരാണ്.
കൂടാതെ ബാങ്കിലെ കുറഞ്ഞ പലിശനിരക്കിലുള്ള നിക്ഷേപം പിൻവലിച്ച് ഇവിടെ നിക്ഷേപിച്ചവരും ചതിയിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇതുവരെ ലഭിച്ച പരാതിയിൽ പറയുന്ന കണക്കുകൾ അനുസരിച്ചാണ് 25 ലക്ഷം രൂപയുടെ കണക്കുകൾ പോലീസ് നിരത്തുന്നത്. ഇനിയും പരാതിക്കാരുണ്ടെങ്കിലും രേഖാമൂലമുള്ള മറ്റ് പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ല.